ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളുടെ പേരില്‍ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് അയച്ച് കോണ്‍ഗ്രസ് എംപിയും ഐടി പാര്‍ലമെന്ററി പാനല്‍ തലവനുമായ ശശി തരൂര്‍. ഫെയ്‌സ്ബുക്കിന്റെ ‘തെറ്റായ പ്രവണതകള്‍’ ചര്‍ച്ച ചെയ്യുന്നതിനു പാനല്‍ യോഗം ചേരാനുള്ള തരൂരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു ദുബെയുടെ വിമര്‍ശനം.
ഫെയ്‌സ്ബുക് ഇന്ത്യയില്‍ ബിജെപിക്കു സഹായകരമായി പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് പാര്‍ട്ടി കത്തയച്ചിരുന്നു. ശശി തരൂര്‍ അധ്യക്ഷനായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സമിതിയും റിപ്പോര്‍ട്ടിന്മേല്‍ ഫെയ്‌സ്ബുക്കിനോട് വിശദീകരണം തേടി.
പാനലിലെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യാതെ എന്തെങ്കിലും ചെയ്യാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് യാതൊരു അധികാരവുമില്ലെന്നായിരുന്നു ദുബെ ട്വിറ്ററില്‍ പ്രതികരിച്ചത്. എന്നാല്‍ ദുബെയുടെ നിലപാടില്‍ ശക്തമായി എതിര്‍പ്പ് അറിയിച്ച് തരൂര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തയച്ചു. കമ്മിറ്റിയുടെയോ സ്പീക്കറുടെയോ അനുമതിയില്ലാതെ പാര്‍ട്ടി അജന്‍ഡയുടെ പക്ഷംപിടിക്കുകയാണു ചെയ്യുന്നതെന്ന് ദുബെ ആരോപിച്ചതായി തരൂര്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്കിന്റെ നിലപാട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അറിയണമെന്ന് തരൂര്‍ ഞായറാഴ്ച വ്യക്തമാക്കിയതിനു പിന്നാലെയാണു ദുബെയുടെ വിമര്‍ശനങ്ങള്‍ വന്നത്. ലോക്‌സഭാംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ തന്റെ പ്രത്യേക അധികാരങ്ങള്‍ക്കു മേലുള്ള ഇടപെടലാണ് ദുബെയുടെ വാക്കുകളെന്നു തരൂര്‍ അറിയിച്ചു. ദുബെയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തരൂര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.