തിരുവനന്തപുരം: ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടി രംഗത്തെത്തിയതോടെ തിരുവനന്തപുരം മണ്ഡലം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂരും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും ഒപ്പം തിരുവനന്തപുരത്തെ പൊതുപരിപാടികളില്‍ കുമ്മനവും സജീവമാണ്. അതുകൊണ്ടു തന്നെ മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണയും കേരള തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം ചോരില്ലെന്നുറപ്പ്.
2009ല്‍ തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെത്തിയ ഡോ. ശശി തരൂര്‍, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ സി.പി.ഐയിലെ അഡ്വ.പി. രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തി. 2014ല്‍ ഒ.രാജഗോപാലിനെ 15470 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ പിന്നിലാക്കിയത്. സി.പി.ഐയുടെ ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തായി.
മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം ഇതായിരിക്കെ ഇത്തവണയും എല്‍.ഡി.എഫിന് മത്സരം എളുപ്പമാകില്ല.രാഷ്ട്രീയത്തിനുപരി വ്യക്തിപ്രഭാവമാണ് തിരുവനന്തപുരത്തുകാര്‍ പരിഗണിക്കുന്നത്. കെ. കരുണാകരന്‍, എം.എന്‍ ഗോവിന്ദന്‍ നായര്‍, വി.കെ കൃഷ്ണമേനോന്‍, പി.കെ വാസുദേവന്‍ നായര്‍ തുടങ്ങിയ അതികായകന്മാരെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയച്ചതിലൂടെ അന്ധമായ രാഷ്ട്രീയം പിന്തുടരുന്ന പാരമ്പര്യം ഈ നാടിനില്ലെന്ന് വ്യക്തം. എന്നാല്‍ ശശി തരൂരിന്റെ വ്യക്തിപ്രഭാവത്തിലുപരി അദ്ദേഹവും മണ്ഡലവുമായുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബന്ധമാണ് യു.ഡി.എഫിന് അനുകൂലമായി വരുന്നത്.