ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാനിലെ ലാഹോറില്‍ കല്യാണത്തിന് പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചുകൂടായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നും വരും വര്‍ഷങ്ങളില്‍ വിരാട് കൊഹ് ലിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാകണമെന്നും തരൂര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കാറില്ല. രാഷ്ട്രീയ പ്രശ്നങ്ങളും നയതന്ത്ര തലത്തിലെ ആശയക്കുഴപ്പങ്ങളുമാണ് ഇന്ത്യാ പാക് പരമ്പരയ്ക്ക് വിലങ്ങു തടിയായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി തരൂര്‍ രംഗത്തെത്തിയത്.
ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇറാക്കിലെ കൂഫെയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനൊന്നുമില്ലാത്ത വിലക്ക് എന്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കുമ്പോഴെന്നും തരൂര്‍ ചോദിക്കുന്നു.
ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ പങ്കെടുപ്പിക്കാതിരിക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക്കിസ്ഥാനെ ഒഴിവാക്കി മറ്റ് ആറ് രാജ്യങ്ങളായിരിക്കും എതിരാളികളെന്ന് ബിസിസിഐ, ഐസിസിയെ അറിയിക്കാനായിരുന്നു തീരുമാനം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക,ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയായിരിക്കും ഇന്ത്യയുടെ എതിര്‍ ടീമുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം ബി.സി.സി.ഐയും കായികമന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും ഇന്ത്യാ-പാക് പരമ്പര ചര്‍ച്ച ചെയ്തിരുന്നു.
‘പാകിസ്താനില്‍ കളിക്കുമോ ഇല്ലയോ എന്നതെല്ലാം കേന്ദ്ര കായിക മന്ത്രാലയത്തിന്റെ തീരുമാനമാണ്. പക്ഷേ അതിനു പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം.’ എന്നാണ് ബി.സി.സി.ഐ വക്താവ് ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കിയത്.
2012-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി 20മത്സരങ്ങള്‍ക്ക് ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ഏകദിന പരമ്പര പാക്കിസ്ഥാന്‍ നേടിയിരുന്നു.2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിസിബി നോട്ടീസ് അയച്ചിരുന്നു.
ബി.സി.സി.ഐയും പി.സി.ബിയും 2015 നും 2023 നും ഇടയ്ക്ക് ആറു പരമ്പരകള്‍ കളിക്കാമെന്നുള്ള ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂലം ഇത് നീളുകയായിരുന്നു.