തിരുവനന്തപുരം: ബി.ജെ.പിക്ക് മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് മാധ്യമങ്ങളും ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടത്. ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.
കഴിഞ്ഞ ആഴ്ച്ച ഓസ്‌ട്രേലിയയില്‍ 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റായി വന്നത്. മെയ് 13 ന് യഥാര്‍ത്ഥ ഫലം വരുന്നതുവരെ കാത്തിരിക്കാം. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല,പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി പുറത്ത് വരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നല്‍കുന്നതാണ്. യുപിഎക്ക് ഒരു ഫലവും വലിയ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും മുന്നേറ്റമുണ്ടാവുമെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഡിഎ 300 വരെ സീറ്റുകള്‍ നേടുമെന്ന് ഫലങ്ങള്‍ പ്രവചിക്കുമ്പോള്‍ യുപിഎക്ക് 100 മുതല്‍ 150ലധികം സീറ്റുകള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ 100 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.
ടൈംസ് നൗ വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎയ്ക്ക് മേല്‍ക്കൈ നല്‍കുന്നു. 306 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളിലും മറ്റുള്ളവര്‍ 104 സീറ്റുകളിലും വിജയം നേടുമെന്നാണ് പ്രവചനം. ഉത്തര്‍പ്രദേശിലും എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്നാണ് ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫലം. 58 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 20 സീറ്റ് മഹാസഖ്യത്തിനും രണ്ട് സീറ്റ് യുപിഎക്കും ലഭിക്കുമെന്നും പ്രവചനം. എന്നാല്‍ മറ്റ് ചില ഫലങ്ങള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നും പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ് വന്‍ തരംഗമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡെ എക്‌സിറ്റ് പോള്‍. ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്നത് യുഡിഎഫ് ആകുമെന്നാണ് സര്‍വെ ഫലം. 20 സീറ്റില്‍ 15 മുതല്‍ 16 വരെ സീറ്റാണ് സര്‍വെയില്‍ യുഡിഎഫിന് പ്രവചിക്കുന്നത്. മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരിക.