ന്യൂഡല്‍ഹി: ലവ് ജിഹാദിനെതിരെ നിയമം നിര്‍മിക്കുമെന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വെറുപ്പിനെതിരെയാണ് നിയമം നിര്‍മിക്കേണ്ടത്, സ്‌നേഹത്തിനെതിരെയല്ല എന്ന് ആരാണ് ഹിന്ദുത്വവാദികള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുക-ശശി തരൂര്‍ ചോദിച്ചു.
മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് അറിയിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭിക്കുന്ന വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര വ്യക്തമാക്കിയിരുന്നു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടി വരും.
ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നവംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു. ഹരിയാന സര്‍ക്കാറും ഇത്തരത്തില്‍ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.