X

മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് ശശിതരൂര്‍

ന്യൂഡല്‍ഹി: മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകുമെന്ന് മുതിര്‍ന്ന നേതാവ് ശശിതരൂര്‍. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും ശശി തരൂര്‍ പറഞ്ഞു. ‘ദി ഹിന്ദു വേ’ എന്ന തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പരാമര്‍ശം.

ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ മൃദുഹിന്ദുത്വം വാഗ്ദാനം ചെയ്യലോ അല്ല. അത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വട്ടപൂജ്യമാക്കുകയേ ഉള്ളൂ. ബിജെപിയും സഖ്യകക്ഷികളും കരുതുന്നത് ഹിന്ദു എന്നത് അക്രമകാരികളായ ബ്രിട്ടീഷ് ഫുട്‌ബോള്‍ ഹൂളിഗന്‍സിനെ പോലെയാവണമെന്നാണെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയുടെ മതേതര ഇടം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അടിസ്ഥാനപരമായ പങ്കും അതിന് നേതൃത്വം നല്‍കേണ്ട ചുമതലയുമുണ്ടെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ വിശ്വസിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലുള്ളവര്‍ പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ അര്‍ത്ഥത്തിലുള്ള ഹിന്ദുമതല്ല. മഹത്തായ വിശ്വാസത്തിന്റെ വികൃതമായ രൂപഭേദമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അത് തികച്ചും രാഷ്ട്രീയവും തിരഞ്ഞെടുപ്പ് നേട്ടത്തിനും വേണ്ടി സങ്കുചിതമായി പരിവര്‍ത്തനപ്പെടുത്തിയതാണ്. ജാഗ്രത പുലര്‍ത്തുന്ന ശുഭാപ്തിവിശ്വാസിയെന്ന നിലയില്‍, യുവാക്കള്‍ ഉള്‍പ്പടെയുള്ള സമകാലിക ചിന്താഗതിക്കാരായ ഇന്ത്യക്കാര്‍, സമീപകാലത്തെ ‘ചൂഷണാത്മക പ്രവണതകളെ’ ചെറുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ‘ഇന്ത്യയെക്കുറിച്ചുള്ള വികലമായ ആശയം’ നിലനില്‍ക്കില്ലെന്ന് ഉറപ്പാക്കുന്നത് തുടരുമെന്നും തരൂര്‍ വ്യക്തമാക്കി.

chandrika: