പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ നിര്‍ണായ തെളിവായ വിഷക്കുപ്പി കണ്ടെത്തി. പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ രാമവര്‍മന്‍ചിറയില്‍ നിന്നുമാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറാണ് വിഷക്കുപ്പി കാണിച്ചുകൊടുത്തത്. കഷായത്തിന്റെ കുപ്പി കണ്ടെത്താന്‍ ഗ്രീഷ്മയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം കേസിലെ പ്രതി ഗ്രീഷ്മയുടെ (22) അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തി റിമാന്റിലയച്ചു. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കേസില്‍ പ്രതിചേര്‍ത്തു. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്തത്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്.
അതിനിടെ, കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മ കഴിഞ്ഞ ദിവസം രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഇന്നലെ രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍നടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് ഞായറാഴ്ച രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്. സുരക്ഷാപരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്‌റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വെച്ചാണ് അണുനാശിനി കുടിച്ചത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയുമുണ്ടായതിനെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സംഭവവുമായി ബന്ധപ്പെട്ട് ഗായത്രി, സുമ എന്നീ വനിതാ പൊലീസ് ഉദേ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.