പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. മുഴുവന്‍ തെളിവെടുപ്പും വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.പൊലീസ് സ്റ്റേഷനില്‍ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ കഴിഞ്ഞ ദിവസമാണ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയിരുന്നത്.ഇവിടെ നിന്നും ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് നല്‍കിയ അപേക്ഷയിലാണ് നടപടി.
അതേസമയം, ഷാരോണ്‍ വധക്കേസിന്റെ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കൊലപാതകത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലും തമിഴ്‌നാട്ടില്‍ നടന്നതിനാല്‍ പ്രതികള്‍ കുറ്റപത്രം ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് നിയമോപദേശം. ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാന്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്.
കേസന്വേഷണത്തിന്റെ മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്‌നാട്ടില്‍ വെച്ചാണ്. എന്നാല്‍ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ്. പാറാശാല പൊലീസാണ് കേസെടുത്തത്. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികള്‍ ചോദ്യം ചെയ്താല്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമോപദേശം. അതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം.