ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്കെതിരെ കോടതിയില്‍ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്‍. വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ വെബ് സെര്‍ച്ച് നടത്തിയതായാണ് തെളിവ്.
പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയെ കുറിച്ചും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് വെബ്സെര്‍ച്ച് നടത്തിയിട്ടുള്ളത്.
മറ്റൊരു വിവാഹനിശ്ചയം നടത്തിയതിന് ശേഷം ഗ്രീഷ്മ ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചിരുന്നു. ഹോട്ടല്‍ മാനേജര്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ ഗീഷ്മയെ തിരിച്ചറിഞ്ഞു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നാളെ വിചാരണ തുടരും.
ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരുടെ സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 142 സാക്ഷികളാണുള്ളത്. ഇതില്‍ 131 പേരുടെ വിചാരണയാണ് പുരോഗമിക്കുന്നത്