X

ഷരോണ്‍ വധക്കേസ്; ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ

തിരുവനന്തപുരം പാറശ്ശാലയിലെ ഷരോണ്‍ രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എ.എം ബഷീര്‍. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്‍കി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അതിസമര്‍ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു.

ഗ്രീഷ്മക്ക് ചെകുത്താന്‍ ചിന്തയാണെന്നും ബോധപൂര്‍വം പദ്ധതി തയ്യാറാക്കി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നുവെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള മാനസിക പീഡനം ഷാരോണില്‍ നിന്ന് ഗ്രീഷ്മയ്ക്ക് നേരിടേണ്ടിവന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്‍ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയുമായിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബിഎസ്സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25നാണ് മരിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസിന് ഷാരോണ്‍ നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞിരുന്നു.

ഒക്ടോബര്‍ 14ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കയ്പ്പ് മാറാന്‍ ജ്യൂസും നല്‍കിയിരുന്നു. മുറിയില്‍ ഛര്‍ദിച്ച ഷാരോണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വഴിയും പലതവണ ഛര്‍ദിച്ചു.

ക്ഷീണിതനായി വീട്ടിലെത്തിയ ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മടങ്ങി. എന്നാല്‍, പിറ്റേദിവസം വായില്‍ വ്രണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വൃക്ക, കരള്‍, ശ്വാസകോശം അടക്കമുള്ള അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

webdesk18: