X
    Categories: Newsworld

ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം തുടക്കം കുറിച്ചു

ജലീല്‍ പട്ടാമ്പി

ദുബായ്- ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ 41-ാമത് എഡിഷന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. 95 രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും ബുദ്ധിജീവികളും പ്രസാധകരും കലാകാരന്മാരും 12 ദിവസം നീളുന്ന സാംസ്‌കാരിക മഹോത്സവത്തില്‍ പങ്കാളികളാകും. ഈ വര്‍ഷത്തെ അതിഥി രാഷ്ട്രം ഇറ്റലിയാണ്.
ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയില്‍ 2,213 പ്രസാധകരാണ് സാന്നിധ്യമറിയിക്കുന്നത്. അറബ് മേഖലയില്‍ നിന്നും 1,298 പ്രസാധകരാണെത്തുക. കേരളത്തില്‍ നിന്നും ഇക്കുറിയും പ്രധാനപ്പെട്ട എല്ലാ പ്രസാധനാലയങ്ങളും പങ്കെടുക്കുന്നുണ്ട്. ബുക്കര്‍ സമ്മാന ജേതാക്കളും അന്താരാഷ്ട്ര തിരക്കഥാകൃത്തുക്കളും കലാകാരന്മാരും മേളക്ക് എത്തും.

41-ാം പതിപ്പില്‍ 123 വിസ്മയ പ്രകടനങ്ങളും എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 22 ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്ന സംഗീത പരിപാടികളും അരങ്ങേറും. പ്രശസ്ത അറബ്, അന്തര്‍ദേശീയ പാചക വിദഗ്ധരുടെ നേതൃത്വത്തിലുള്ള 30ലധികം കുക്കറി ഷോകളും ഇതിലുള്‍പ്പെടുന്നു. ‘വാക്ക് പരക്കട്ടെ’ (സ്‌പ്രെഡ് ദി വേഡ്) എന്നതാണ് ഈ വര്‍ഷത്തെ പുസ്തക മേളയുടെ ആശയം. 41-ാം പതിപ്പില്‍ 1.5 ദശലക്ഷം ടൈറ്റിലുകള്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കായി 623 ആക്റ്റിവിറ്റികളും ഷോകളും വര്‍ക്‌ഷോപ്പുകളും ഉണ്ടാകും.

Test User: