X
    Categories: gulfNews

പുസ്തക പ്രേമികളുടെ പ്രവാഹമായി ഷാര്‍ജ രാജ്യാന്തര പുസ്തക മേള

ഷാര്‍ജ: നവംബര്‍ ഒന്നിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ആരംഭിച്ച നാല്‍പത്തി രണ്ടാമത് അന്താരാഷ്ട്ര പുസ്തക മേളയിലേക്ക് പുസ്തക പ്രേമികളുടെ ഒഴുക്ക്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 17 നൂറ്റാണ്ടുകളുടെ അറബി ഭാഷയുടെ പരിണാമം വിവരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തോടെയായിരുന്നു ഉദ്ഘാടനം.

പുസ്തക പ്രസാധകര്‍, വിതരണക്കാര്‍, പരിഭാഷകര്‍, ഗ്രന്ഥങ്ങള്‍ ശേഖരിക്കുന്നവര്‍ എന്നിങ്ങനെ ഏഴു വന്‍കരകളിലെ അപൂര്‍വമായ സംഗമമാണീ മേള. 108 രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷം ടൈറ്റിലുകളാണ് 12 ദിവസത്തെ ഈ ആഗോള അക്ഷരോല്‍സവത്തില്‍ അണിനിരക്കുന്നത്. ‘വി സ്പീക് ബുക്‌സ്’ എന്ന ആശയത്തിലുള്ള ഇക്കൊല്ലത്തെ പുസ്തകോല്‍സവത്തില്‍ 2,033 പ്രസാധകരാണ് സാന്നിധ്യമറിയിക്കുന്നത്. ഇന്ത്യയില്‍ നിന്നും 108 പ്രസാധകര്‍ ഈ വര്‍ഷം പങ്കെടുക്കും.

മലയാളത്തില്‍ നിന്നും ഡിസി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, ഒലീവ് ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, സത്യധാര, കെ.എന്‍.എം, യുവത, ഐ.പി.എച്ച്, കൈരളി ബുക്‌സ്, ഹരിതം ബുക്‌സ്, സൈകതം ബുക്‌സ്, ഐ.പി.ബി തുടങ്ങിയ പുസ്തക ശാലകള്‍ ഗ്രന്ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ വിറ്റഴിക്കുക. മലയാളത്തില്‍ നിന്നും നിരവധി എഴുത്തുകാര്‍ ഈ പുസ്തക മേളയില്‍ പങ്കെടുക്കുന്നു. ഇക്കൊല്ലം എത്തുന്ന ലോക സാഹിത്യ പ്രതിഭകളില്‍ പ്രധാനി നൈജീരിയന്‍ എഴുത്തുകാരനായ നോബല്‍ പ്രൈസ് ജേതാവ് വോള്‍ സോയിങ്ക ആണ്.

webdesk11: