ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജനാധ്യപത്യ മുന്നണി സ്ഥാപനാര്‍തഥികള്‍ക്ക് ഉജ്വല വിജയം. പുതിയ പ്രസിഡന്റായി നിസാര്‍ തളങ്കരയും ജനറല്‍ സെക്രട്ടറിയായി ശ്രീപ്രകാശും തെരഞ്ഞെടുക്കപ്പെട്ടു. ഷാജി ജോണ്‍ ആണ് ട്രഷറര്‍.
രണ്ടു പാനലുകളിലേക്കായി വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. കെഎംസിസിയുടെ നിസാര്‍ തളങ്കര, മാസ് ഷാര്‍ജയുടെ ശീപ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കിയ ജനാധിപത്യ മുന്നണി 14 സ്ഥാനങ്ങളില്‍ പതിമൂന്നിലും വിജയിച്ചു. 2500ലേറെ അംഗങ്ങളുള്ള ഇന്ത്യന്‍ അസോസിയേഷനില്‍ ഇത്തവണ 1374 പേരാണ് വോട്ട് ചെയ്തത്.
ഇതില്‍ 674 വോട്ട് നേടിയ നിസാര്‍ തളങ്കര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മല്‍സരത്തില്‍ ഇ.പി ജോണ്‍സനെ 43 വോട്ടിന് പരാജയപ്പെടുത്തിയാണ് നിസാര്‍ തളങ്കരയുടെ വിജയം.
733 വോട്ട് നേടിയ ശ്രീപ്രകാശിന് 170 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ മുന്നണിയെ നിഷ്പ്രഭമാക്കിയാണ് ജനാധിപത്യ മുന്നണി വിജയിച്ചു കയറിയത്. നിലവിലെ പ്രസിഡന്റ് വൈ.എം റഹീം അടക്കമുള്ളവര്‍ക്ക് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് നിസാറും ശ്രീപ്രകാശും പറഞ്ഞു. കെഎംസിസി യുഎഇ നാഷല്‍ കമ്മിറ്റി ട്രഷററാണ് നിസാര്‍ തളങ്കര. മുന്‍ സ്പീക്കറും നോര്‍ക റൂട്‌സ് വൈസ് ചെയര്‍മാനുമായ പി.ശ്രീരാമകൃഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്.വൈസ് പ്രസിഡന്റായി പ്രദീപ് നെന്മാറയും ജോയിന്റ് സെക്രട്ടറിയായി ജിബി ബേബിയും വിജയിച്ചു. ഏഴ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളില്‍ ആറിലും ജനാധ്യപത്യ മുന്നണി വിജയം നേടി.