X

ഷാര്‍ജ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍

 

ഷാര്‍ജ: 16-ാമത് ഷാര്‍ജ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍ 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ‘പൈതൃകം മുറുകെ പിടിച്ച് നമുക്ക് മുന്നേറാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ 31രാജ്യങ്ങളും നാല് രാജ്യാന്തര സംഘടനകളും പങ്കെടുക്കും. സുഡാന്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, യെമന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍, ഫലസ്തീന്‍, മൗറിത്താനിയ, ലിബിയ, തുനീഷ്യ, മൊറോക്കോ, അല്‍ജീറിയ, ലബനാന്‍, മാള്‍ട്ട, ഇറ്റലി, താജികിസ്താന്‍, ബോസ്‌നിയ, മെക്‌സികോ, പരാഗ്വേ, അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മനി, ബെലറൂഷ്യ, സ്‌പെയിന്‍, ജപ്പാന്‍, ചൈന എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങള്‍. അതിഥി രാജ്യം ചെക് റിപ്പബ്‌ളിക്കാണ്.
ആഗോള സാംസ്‌കാരിക പരിപാടികളാണ് ഇപ്രാവശ്യത്തെ പ്രത്യേകത. കള്‍ചറല്‍ കഫെയില്‍ 16 പരിപാടികള്‍ അരങ്ങേറും. കൂടാതെ, സമൂഹ മാധ്യമ കഫെ, പുരാതന ചരിത്ര മുദ്രകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ കഥകള്‍, കുട്ടികളുടെ ഗ്രാമം എന്നിവ അരങ്ങേറും. 18 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഐഒവി, സിഐഒഎസ്എസ്, അസോസിയേഷന്‍ ഫ്രാഞ്ചൈസ് ഡെസ് ജിയുക്‌സ് പോപുലയഴ്‌സ്, 12 പുതിയ ഇ-ബുക്കുകള്‍, പ്രദര്‍ശനങ്ങള്‍, 82 ഭക്ഷണ ശാലകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.
യുഎഇയുടെ സംസ്‌കാരവും പാരമ്പര്യവും രാജ്യാന്തര തലത്തില്‍ എത്തിക്കാനാണ് എല്ലാ വര്‍ഷവും പൈതൃക ദിനങ്ങള്‍ കൊണ്ടാടുന്നതെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെറിറ്റേജ്, ഹെറിറ്റേജ് ഡേയ്‌സ് ഹയര്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മുസല്ലം പറഞ്ഞു. ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെറിറ്റേജ് ഉപ മേധാവി മുഹമ്മദ് ഖമീസ്, പൈതൃക ദിനങ്ങളുടെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ബദ്ര്‍ അല്‍ ഷിഹ്ഹി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

chandrika: