റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: ജയിൽ ഭിത്തിക്കപ്പുറത്ത് നിന്ന് പരസ്പരം കണ്ടുമുട്ടാതെയുള്ള ബഷീറിൻ്റെയും നാരായണിയുടെയും പ്രണയ ജീവിതം പറയുന്ന വിഖ്യാത കഥാകാരൻ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ “മതിലുകൾ ” എന്ന നോവൽ ഇനി അറബിയിലും . ബഷീറിൻ്റെ രാഷ്ട്രീയ തടവുജീവിതം പ്രമേയമായ മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയമായ ഈ പ്രണയ നോവൽ അറബ് ലോകത്തെ വായനക്കാരിലെത്തിക്കുന്നതിന് മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി തോരപ്പ മുഹമ്മദ് ഷബീബ് വാഫിയാണ് വിവർത്തനം നിർവ്വഹിച്ചത്. ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വെച്ച് നോവലിൻ്റെ അറബിക് പതിപ്പ് “അൽ ജുദ്റാൻ ” പ്രകാശനം ചെയ്തു.ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബ് പ്രസാധകരായ അൽ രിവായ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് നിസാർ മഞ്ചേരിയാണ് കവർ ഡിസൈൻ നിർവ്വഹിച്ചത്.
1964 ലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. ആറ് പതിറ്റാണ്ട് പൂർത്തിയാവുമ്പോഴാണ് അറബിയിലേക്ക് വിവർത്തനം ചെയ്യുന്നത്.
നോവലിൻ്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. നോവലിനെ ആസ്പദമാക്കി 1989 ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ ബിരുദവും കാവനൂർ മജ്മഅ ശരീഅത്ത് ആൻ്റ് ആർട്സ് കോളേജിൽ നിന്ന് അറബിയിൽ ബിരുദാനന്തര ബിരുദവും നേടിയ ശബീബ് വാഫി വിവിധയിടങ്ങളിൽ ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.മലപ്പുറം കൂട്ടിലങ്ങാടി കക്കാട് സ്വദേശി തോരപ്പ അബൂബക്കർ മുസ്ലിയാർ – ചിറക്കൽ ഫാത്തിമ ദമ്പതികളുടെ മകനാണ്
ഷാർജ പുസ്തകോൽസവത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ യിലെ അറബ് കവി ഡോ: ശിഹാബ് ഗാനേം പ്രകാശനം നിർവ്വഹിച്ചു.
കവിയും എഴുത്തുകാരനുമായ ഡോ: അബ്ദുൽ ഹക്കീം അൽ സുബൈദി, ഡോ: ഗാനിം സാമറായി, (ഇറാഖ് ), നൗഫൽ അഹമ്മദ്, പബ്ലിഷർ സാലിം അബ്ദുൽ റഹ്മാൻ അൽ രിവായ എന്നിവർ പങ്കെടുത്തു.