ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ശരീഅത്തിനെതായ നിയമങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇത് വളരെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ശക്തമായ ലംഘനമാണ് മുത്തലാഖ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്.
മുത്തലാഖ് ബില്‍ അവതരണത്തോടുള്ള തടസ്സവാദം പാര്‍ലമെന്റില്‍ ശക്തമായാണ് മുസ്‌ലിംലീഗ് ഉന്നയിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളെ എക്കാലവും മുസ്‌ലിംലീഗ് അതി ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായ നീലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍തൊട്ട് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സകല ശ്രമങ്ങളും നടത്തിവരികയാണ്. ശരീഅത്തിനെതിരായ ഓരോ നീക്കവും ഇതിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 25 മതപരമായ വിശ്വാസത്തിനും ആചാരത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയെല്ലാം മുസ്‌ലിം വ്യക്തി നിയമ പ്രകാരം നിര്‍വഹിക്കേണ്ടതാണ്. മുസ്‌ലിം വ്യക്തി നിയമത്തിനാകട്ടെ 25 ാം വകുപ്പിന്റെ പരിരക്ഷയും ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇങ്ങനെയൊരു ബില്‍ അവതരിപ്പിക്കാന്‍ തന്നെ ഭരണഘടന ഭേദഗതി ബില്‍ എന്ന നിലയില്‍ കൊണ്ടുവരാനേ അവകാശമുള്ളൂ. ഇതിന് പുറമെ 1986 ലെ ബില്ലിന്റെ ലംഘനവുമാണ്. ഈ ബില്‍ തീര്‍ത്തും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണ്. വിവാഹ മോചനം സംബന്ധിച്ച നിയമം തന്നെ ക്രിമിനല്‍ വകുപ്പായി ചേര്‍ത്തിരിക്കുകയാണ്. ഈ പ്രകടമായ കാരണങ്ങളാല്‍ ബില്ലിന്റെ അവതരണത്തെ അതിശക്തമായാണ് എതിര്‍ത്തത്.
ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ കുറച്ചൊന്നുമല്ല ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍ ഇവിടെ കുറിക്കട്ടെ: ‘ഞാന്‍ ഈ ബില്ലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ മുത്തലാഖിന്‌വേണ്ടി വാദിക്കുന്നവരായി ചിലര്‍ വ്യഖ്യാനിക്കുകയാണ്. നമ്മളീ നിയമ നിര്‍മാണ സഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അതിന്റെ അത്യാവശ്യത്തെകുറിച്ചാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ ഇവിടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് മുത്തലാഖാണ് ഏറ്റവും സുപ്രധാന പ്രശ്‌നം എന്നാണ്. മുസ്‌ലിംകളുടെ ശതമാനം തന്നെ ഇന്നാട്ടില്‍ എത്രയാണ്? പതിനാറോ പതിനേഴോ വരും. അതില്‍ ത്വലാഖ് എത്ര വരും, മുത്തലാഖ് എത്ര വരും. നിങ്ങള്‍ ഈ ഒരു ബില്ലിന്റെ കാര്യത്തില്‍ അനാവശ്യ ധൃതി കാണിക്കുകയാണ്. ഈ സഭ ഒട്ടനേകം നിയമ നിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ സഭയുടെ പവിത്രതയെ തന്നെ തകിടംമറിക്കുകയാണ്. ഈ ബില്ലിനെ സംബന്ധിച്ചു പറയുമ്പോള്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് വിധി തന്നെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് എന്തിനാണ് ഇങ്ങനെ ഒരു നിയമം? നിങ്ങള്‍ക്ക് ഈ കര്യത്തിലുള്ളത് വ്യക്തമായ ദുരുദ്ദേശമാണ്. ഇത് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ ഉദ്ദേശം ഏക സിവില്‍കോഡിനു വഴി ഒരുക്കുക തന്നെയാണ്. ഞാന്‍ ഈ പറയുന്നത് ഇവിടെ സംസാരിച്ച എം.ജെ അക്ബറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുതന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത് ഇല്ല എന്നാണ്. അദ്ദേഹം പറയുന്നത് ശരീഅത് എന്നത് ഖുര്‍ആനിന്റെയോ നബിചര്യയുടെയോ അടിസ്ഥാനത്തില്‍ ഉള്ളതല്ല എന്നുള്ളതാണ്. ഇങ്ങനെ പറയുന്നത് അദ്ദേഹത്തിന് അറിവില്ലാത്തത്‌കൊണ്ടാണ്. ശരീഅത്ത് എന്നാല്‍ ഖുര്‍ആനും നബിചര്യയും തന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത്ത് ഒരു ജീവിത പദ്ധതിയാണ് എന്നതാണ്. അത് ഭേദഗതി വരുത്താവുന്നതുമാണ് എന്നുമാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മയും ഏക സിവില്‍കോഡ് നടപ്പിലാക്കാനുമുള്ള നിങ്ങളുടെ താല്‍പര്യവും ഇവിടെ വളരെ വ്യക്തമാണ്. യാതൊരു സാഹചര്യത്തിലും നിങ്ങള്‍ക്ക് ശരീഅത്ത് ഭേദഗതി ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ചെയ്യുന്നത് ഭരണഘടനയുടെ 25 ാം വകുപ്പിന്റെ ശക്തമായ ലംഘനമാണ്. ഈ ബില്ലിലെ ഏറ്റവും വിചിത്രമായ ഇനം വിവാഹ മോചനത്തെ ക്രിമിനല്‍വത്കരിക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ ഭര്‍ത്താവിനെ ജയിലില്‍ അടക്കുന്നു. ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കാന്‍ കല്‍പിച്ചിട്ട് ഭാര്യക്കും കുട്ടികള്‍ക്കും ആരാണ് ഭക്ഷണം കൊടുക്കുക?’