X

ബി.ജെ.പി കൂട്ടുകെട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച ശരത് യാദവിനെ പുറത്താക്കാന്‍ നിതീഷിന്റെ നീക്കം

ന്യുഡല്‍ഹി: ബിജെപി സഖ്യത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാവ് ശരത് യാദവിനെ തളളി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിജെപിയുമായുളള സഖ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവിന് പുറത്ത് പോകാമെന്ന് നിതീഷ് കുമാര്‍.

പ്രധാനമന്ത്രി നരേന്ദ്രമോഡി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവരുമായി കൂടികാഴ്ച നടത്തിയതിനു ശേഷമാണ് ഇക്കാര്യം നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ശരത് യാദവിന് ഇഷ്ടമുളളിടത്തേക്ക് പോകാം, അദ്ദേഹം സ്വതന്ത്രനാണ്. ബിജെപിയുമായുളള സഖ്യതീരുമാനം എല്ലാവരും യോജിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും നിതീഷ് അവകാശപ്പെട്ടു.

മഹാസഖ്യത്തിനോടൊപ്പം ഉറച്ചു നി്ല്‍ക്കുന്നുവെന്നും പതിനൊന്ന് കോടി ജനങ്ങളുടെ വിശ്വാസത്തെ തകിടം മറിച്ചാണ് ബിജെപിയുമായി നിതീഷ് സഖ്യമുണ്ടാക്കിയതെന്നുമായിരുന്നു ശരത് യാദവ് വിമര്‍ശിച്ചത്. നിതീഷിനെതിരെ ശരത് യാദവ് ഉറച്ച നിലപാടെടുത്തതോടെ ജെഡിയു പിളര്പ്പിലേക്കെന്ന സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നില്ലെങ്കില്‍ ശരത് യാദവിന് പുറത്ത് പോകാം എന്ന നിതീഷ് തുറന്ന് പറഞ്ഞത്.

ഫാസിസ്റ്റ് ചേരിയായ ബിജെപിക്ക് ഒപ്പം ഒരു കാരണവശാലും ഉണ്ടാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേന്ദ്രമന്ത്രി സ്ഥാനം ഓഫറിനെ നിരസിച്ചു കൊണ്ട് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിജെപിയെ കൂട്ടുപിടിച്ച നിതീഷ് കുമാറിനെതിരെ കര്‍ശന നിലപാടെടുക്കുന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശരദ് യാദവിന് പിന്തുണ കൂടിവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ ആര്‍.ജെ.ഡി നേതാവ് ഈ മാസാവസാനം നടത്താനിരിക്കുന്ന റാലിയില്‍ പ്രതിപക്ഷ നിരയ്‌ക്കൊപ്പം പങ്കെടുക്കാനാണ് ശരദ് യാദവ് ഉദ്ദേശിക്കുന്നത്. നേരത്തെ ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ വിജയത്തില്‍ അഭിനന്ദനമറിയിച്ച് യാദവ് രംഗത്തെത്തിയത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു.

പിന്നാലെ ഗുജറാത്തിലെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ ശ്രീവാസ്തവയെ രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു. ശരദ് യാദവിനെതിരെയുള്ള താക്കീതായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിട്ടുള്ള ശ്രീവാസ്തവയെ നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

chandrika: