X

ശരത് യാദവ് ജെ.ഡി.യു നേതാക്കളുടെ യോഗം വിളിച്ചു

New Delhi: JD(U) President Sharad Yadav during a press conference at his residence in New Delhi on Thursday. PTI Photo (PTI10_1_2015_000177A)

 

പറ്റ്‌ന/ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്. നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം ശക്തമായതോടെ ശരത് യാദവ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഇന്നലെ വൈകീട്ട് ഡല്‍ഹിയിലായിരുന്നു യോഗം. ജെ.ഡി.യു ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, എം.പി വീരേന്ദ്രകുമാര്‍ എം.പി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ശരത് യാദവ് ഇന്നലെ കാലത്ത് ചര്‍ച്ച നടത്തിയിരുന്നു.
രണ്ടു ദിവസത്തിനകം ശരത് യാദവ് നിലപാട് പ്രഖ്യാപിച്ചേക്കും. ജെ.ഡി.യു പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് പുറത്തു വരുന്നത്. എം.പിമാരായ അലി അന്‍വര്‍, എം.പി വീരേന്ദ്രകുമാര്‍ എന്നിവര്‍ നിതീഷിനെ പരസ്യമായി തള്ളിപ്പറഞ്ഞു. ജെ.ഡി.യു കേരള ഘടകവും നിതീഷിന്റെ നീക്കത്തിനെതിരെ രംഗത്തെത്തി. നിതീഷിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും പാര്‍ട്ടിയുമായി ആലോചിച്ചില്ലെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ കുറ്റപ്പെടുത്തി.
ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനെ നേരിട്ടാണ് നിതീഷ് കുമാര്‍ ബിഹാറില്‍ അധികാരത്തില്‍ എത്തിയത്. 80 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും തെരഞ്ഞെടുപ്പിനു മുമ്പേ ഉണ്ടാക്കിയ ധാരണ പ്രകാരം ആര്‍.ജെ.ഡി, മുഖ്യമന്ത്രി പദം 71 സീറ്റുള്ള ജെ.ഡി.യുവിന് വിട്ടു നല്‍കുകയായിരുന്നു. എന്നാല്‍ പാതിവഴിയില്‍ സഖ്യം ഉപേക്ഷിച്ച് നിതീഷ് എന്‍.ഡി.എ ക്യാമ്പിലേക്ക് ചേക്കേറി. ആര്‍.ജെ.ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ രാജിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുന്നണി വിടാന്‍ കാരണമെന്ന് നിതീഷ് അവകാശപ്പെടുന്നെങ്കിലും നേരത്തെ തയ്യാറാക്കിയ നാടകമാണിതെന്നാണ് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ആരോപിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ സ്വീകരിച്ച നിലപാട്, രാജി തീരുമാനത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിനായി ബി.ജെ.പി നടത്തിയ ചരടുവലികള്‍ എന്നിവയെല്ലാം ഇതിന് തെളിവായി ഇരു കക്ഷികളും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് പുതിയ സര്‍ക്കാറിന്റെ ഭാവിയില്‍ നിര്‍ണായകമാകും. 243 അംഗ സഭയില്‍ 122 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ജെ.ഡി.യുവിന് 71ഉം ബി.ജെ.പിക്ക് 58ഉം അംഗങ്ങളുണ്ട്. എന്നാല്‍ ജെ.ഡി.യു ക്യാമ്പിലെ ഏഴോ അതില്‍ കൂടുതലോ അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ വിശ്വാസ വോട്ടെടുപ്പ് പരാജയപ്പെട്ടേക്കും.

chandrika: