പാക് അനുകൂലിയാണ് താനെങ്കില്‍ എന്തിനാണ് മോദി സര്‍ക്കാര്‍ തനിക്ക് പദ്മ വിഭൂഷണ്‍ പുരസ്‌കാരം നല്‍കിയതെന്ന് ശരത് പവാര്‍. തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെതിരെ രംഗത്ത് വന്നിരുന്നു. പവാര്‍ പാകിസ്താനിലെ ആതിഥ്യം വളരെയധികം ഇഷ്ടപ്പെടുന്നതെന്തിനാണെന്നാണ് മോദി അന്ന് ചോദിച്ചത്. ഇതിനെതിരെയാണ് പവാര്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
മോദി പ്രധാനമന്ത്രി പദത്തിന്റെ ബഹുമാന്യത ഇല്ലാതാക്കുകയാണെന്ന് പവാര്‍ പറഞ്ഞു. താന്‍ പറയുന്നതെന്താണെന്ന് കൃത്യമായി മനസിലാക്കിയിട്ട് വേണം പ്രധാനമന്ത്രി അതേപറ്റി പ്രസ്താവന നടത്തേണ്ടത്. എന്നാല്‍ ഞാനെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിനുമുമ്പെ പ്രധാനമന്ത്രി ആരോപണം ഉന്നയിക്കുകയാണ്.
പദ്മവിഭൂഷണെന്നാല്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരമാണ്. ഞാന്‍ രാജ്യത്തെ സേവിച്ചിട്ടുണ്ടെന്ന് ബിജെപി സര്‍ക്കാര്‍ തന്നെ മനസ്സിലാക്കിയതിന്റെ തെളിവാണത്. എന്നാല്‍ തിരഞ്ഞടുപ്പ് കാലത്ത് അതെല്ലാം മറക്കുന്നത് രാഷ്ട്രീയം മാത്രമാണ് പവാര്‍ പറഞ്ഞു.