X

പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം

മലപ്പുറം: കേരളം കണ്ട മഹാ പ്രളയത്തില്‍ സര്‍വ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നല്‍കി പാണക്കാട് തങ്ങള്‍ കുടുംബം. പാണക്കാട് ശിഹാബുദ്ദീന്‍ ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകള്‍ക്ക് സ്‌നേഹ തണല്‍ വിരിച്ച് അവരെ സ്വന്തം കുടുംബം പോലെ കണ്ട് മാറോട് ചേര്‍ത്ത് പിടിച്ചത്.

ശരത്തിന്റെ അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒമ്പതിന് ഉരുള്‍പൊട്ടിയതിനെ തുര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ എന്നന്നേക്കുമായി നഷ്ടമായത്. ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാന്‍ ശരത്തിന് നീറുന്ന ഓര്‍മകളുമായി ദിവസങ്ങളോളം ദുരന്ത ഭൂമിയുടെ സമീപത്ത് കാത്തിരിക്കേണ്ടിവന്നിരുന്നു.

തുടര്‍ച്ചയായ മഴയില്‍ കോട്ടക്കുന്ന് മലമുകളിലെ വെള്ളം വീടിന് മുകളിലെത്തുകയും ,തുടര്‍ന്ന് ഗീതുവും കുട്ടിയും മുറിയിലിരിക്കെ വെള്ളം ചാലുകീറിവിടാന്‍ അമ്മ സരോജിനിയും ശരത്തും പുറത്തിറങ്ങിയത്. വീടിനുമുന്നിലെ റോഡില്‍ രണ്ടുപേരും എത്തിയപ്പോഴായിരുന്നു ദുരന്തം. നിമിഷനേരംകൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞു. സമീപത്തെ ടൂറിസ്റ്റ് ഹോം സിസി ടിവിയില്‍ കണ്ട ദുരന്ത ദൃശ്യങ്ങള്‍ മാത്രമാണ് പിന്നെ ബാക്കിയായത്.
അപകടത്തിന്റെ മൂന്നാം ദിവസം മാത്രമാണ് ശരത്തിന്റെ ഭാര്യയുടെയും ഒന്നര വയസുകാരിയായ കുഞ്ഞിന്റെയും മൃതദേഹവും , നാലാം ദിവസം അമ്മയുടേതും കണ്ടെടുക്കാനായത്. ദുരന്തത്തില്‍ ശരത്ത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വന്‍തോതില്‍ ഉരുളുകള്‍ പതിച്ച വീടിന്റെ തറയുടെ ചില ഭാഗങ്ങള്‍മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

ഉറ്റവര്‍ മൂന്നു പേരും നഷ്ടപ്പെട്ട ശരത്തിനൊപ്പം അഛന്‍ സത്യനും സഹോദരന്‍ സജിനും മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇവര്‍ക്ക് മുമ്പിലേക്കാണ് ഓണ സമ്മാനമായി ആശ്വാസത്തിന്റെ തെളിനീരുമായി പാണക്കാട് കുടുംബം കടന്ന് വന്നത്. എന്നും നന്മയുടെ പൂമരത്തണലായ പാണക്കാട് കുടുംബത്തിന്റെ കാരണവര്‍ സയ്യിദ് ഹൈദറലി തങ്ങളുടെ വസതിയില്‍ വെച്ച് ചൊവ്വാഴ്ച ഇതിന്റെ പ്രഖ്യാപനവും, നിര്‍മ്മാണ സ്ഥലത്തെത്തി കുറ്റിയടിക്കല്‍ ചടങ്ങും നടന്നു. പ്രളയത്തിലകപ്പെട്ട് മാസങ്ങളായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. അര്‍ഹരായ പലരെയും, ബന്ധു വീട്ടില്‍ കഴിഞ്ഞ വരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നും, വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് തങ്ങള്‍ പറഞ്ഞു.

പാണക്കാട് കുടുംബത്തിന്റെ അടുത്ത സുഹൃത്തും പ്രമുഖ വ്യവസായിയുമായ ആരിഫ് കളപ്പാടനാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിഷയം സൂചിപ്പിച്ചപ്പോഴേക്കും പാണക്കാട് പട്ടര്‍കടവ് ഭാഗത്തെ തന്റെ കണ്ണായ ഭൂമിയില്‍ നിന്ന് ആറ് സെന്റ് ഭൂമി ദാനമായി നല്‍കിയത്. അത്യാവശ്യ സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന വീടിന്റെ പണികള്‍ ആറു മാസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കും.

ശിഹാബുദ്ദീന്‍ കുടുംബ കൂട്ടായ്മയുടെ സംരഭങ്ങളിലൊന്നാണ് പ്രളയ ദുരിതാശ്വാസ ഭവന പദ്ധതി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും പല വീടുകളും നഷ്ടമാകുകയും കേടുപാടുകള്‍ വരികയും ചെയ്തപ്പോള്‍ ശിഹാബുദ്ദീന്‍ കുടുംബം ഇടപെടുകയും നിര്‍മ്മാണ പ്രവര്‍ത്തനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രളയത്തിലും വിവിധ സ്ഥലങ്ങില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും തങ്ങള്‍ കുടുംബം മുന്നോട്ട് വന്നിരുന്നു.

ചടങ്ങില്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തി. സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഉബൈദുല്ല, എം.എല്‍.എ, എ.പി. ഉണ്ണികൃഷ്ണന്‍, കുഞ്ഞാപ്പു തങ്ങള്‍, മുത്തുപ്പ തങ്ങള്‍, സ്വാലിഹ് തങ്ങള്‍ കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

chandrika: