ശരീഫ് കരിപ്പൊടി
കാസര്‍കോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കല്യോട്ട് ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമമുണ്ടായത്. ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും കൃപേഷിനെ വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോവുകയായിരുന്നു ശരത്ത്‌ലാല്‍. ഈസമയം മൂന്നംഗ സംഘം ജീപ്പില്‍ പിന്തുടര്‍ന്നെത്തുകയും ബൈക്ക് തടഞ്ഞ് അടിച്ചുവീഴ്ത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത്ത് ലാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയുമായിരുന്നു മരിച്ചത്.
മുന്നാട് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുമ്പുവടി കൊണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കൈ തല്ലിയൊടിച്ചിരുന്നു. സംഭവത്തില്‍ കൃപേഷും ശരത്തും ഉള്‍പ്പടെ 11 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേസില്‍ ഇരുവരും ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ക്കു നേരെ വധഭീഷണിയുണ്ടായിരുന്നത്രെ. ഇതിനു പിന്നാലെയാണ് ക്ഷേത്രോത്സവ സ്ഥലത്തു നിന്നും മടങ്ങുമ്പോള്‍ സ്ഥലത്തെ ഒരു സി.പി.എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ കൊലപാതകം അരങ്ങേറിയത്.
സംഭവത്തില്‍ പെരിയയിലെ ഒരു ബാങ്ക് ജീവനക്കാരനില്‍ നിന്നും എ.എസ്.പി. ഡി. ശില്‍പ മൊഴിയെടുത്ത ശേഷം ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രദീപിനാണ് അന്വേഷണ ചുമതല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.