ഗോമൂത്രത്തെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടിയല്ല, മനുഷ്യരെ ബഹുമാനിക്കുന്ന സംസ്‌കാരത്തിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളേണ്ടതെന്ന് പ്രശസ്ത മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളേ. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ‘കചടതപ’ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടും ഇന്ത്യയില്‍ ഇപ്പോഴും ചില മനുഷ്യര്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാനാകുന്നില്ലെന്നും, അംബേദ്കര്‍ പറഞ്ഞത് പോലെ സവര്‍ണ്ണരുടേയും തൊട്ട്കൂടാത്തവരുടേയും രണ്ട് രാഷ്ട്രങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊള്ളുന്ന ദളിത് അനുഭവങ്ങളും പ്രതിരോധങ്ങളും പ്രമേയമാകുന്ന ശരണ്‍കുമാര്‍ ലിംബാളെയുടെ കൃതികള്‍ മലയാളമുള്‍പ്പെടെ നിരവധി ഇന്ത്യന്‍ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ എഴുത്തുകാര്‍ രസിപ്പിക്കാനായി എഴുതുമ്പോള്‍ സാമൂഹ്യ വിഷയങ്ങള്‍ക്കായി നിലകൊള്ളുന്ന പുരോഗമനകാരികളും ആക്റ്റിവിസ്റ്റുകളുമാണ് മലയാളി എഴുത്തുകാരെന്നും ശരണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.
എല്ലാ സാഹിത്യോത്സവങ്ങളും മുഖ്യധാരായിലേക്ക് ചുരുങ്ങുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശപ്രഖ്യാപനവും ശബ്ദവുമാകുന്നതിന് കചടതപ ലിറ്റ്‌ഫെസ്റ്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഒലീവ് പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റീവിസ്റ്റും എഴുത്തുകാരിയുമായ വിജയരാജമല്ലിക മുഖ്യാതിഥിയായി. ക്വീര്‍ സമൂഹത്തിന്റെ അരികുവല്‍ക്കരിക്കപ്പെട്ട ജീവിതത്തിലേക്കും ഭാഷയിലെ സ്ഥാനത്തിലേക്കും ശ്രദ്ധ ക്ഷണിച്ച വിജയരാജമല്ലിക, നാല്‍പതോളം ക്വീര്‍ സാഹിത്യ പ്രതിഭകള്‍ കേരളത്തിലുണ്ടെന്നും അവരാണ് വരുംവര്‍ഷങ്ങളില്‍ വേദി അലങ്കരിക്കേണ്ടതെന്നും വ്യക്തമാക്കി.
സാഹിത്യകാരനായ പി കെ. പാറക്കടവ്, തോട്ടം തൊഴിലാളി സമരനായിക ഗോമതി, മാധ്യമപ്രവര്‍ത്തക ടി.പി. ഗായത്രി എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. ഒലീവ് പബ്‌ളിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കചടതപ ലിറ്റ്‌ഫെസറ്റ് നവംബര്‍ 30 നാണ് ആരംഭിച്ചത്. മീഞ്ചന്ത ആര്‍ട്‌സ് ക്‌ളബ്ബ്, മര്‍ച്ചന്റ് നേവി ക്‌ളബ്ബ് എന്നിവിടങ്ങളില്‍ അക്കാദമിക് സെമിനാറും കോഴിക്കോട് കള്‍ച്ചറല്‍ ബീച്ചില്‍ സാഹിത്യ സെഷനുകളുമാണ് നടക്കുന്നത്. നാലിന് രാത്രി 8 മണിക്ക് സാഹിത്യോത്സവം സമാപിക്കും.