ന്യൂഡല്‍ഹി: ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വീണ്ടും ശരത് യാദവ്. നരേന്ദ്രമോദി മന്ത്രിസഭയില്‍ ചേരാന്‍ താനില്ലെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവു കൂടിയായ ശരദ് യാദവ് വ്യക്തമാക്കി. 1974 മുതല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായ നേതാവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് നടന്നത്. കേന്ദ്രസര്‍ക്കാറില്‍ കാബിനറ്റ് റാങ്കോടെയുള്ള മന്ത്രിസ്ഥാനമായിരുന്നു ശരദ് യാദവിനുള്ള വാഗ്ദാനം. എന്നാല്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
നേരത്തെ നിതീഷിന്റെ സത്യപ്രതിജ്ഞയില്‍ നിന്ന് യാദവ് വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.