പ്രതിപക്ഷ ഐക്യം ഉൗട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്‍സിപി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച വൈകിട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്ദര്‍ശിച്ചു. ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്യം നിലനിര്‍ത്താനും യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭരണഘടനാ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനും ഞങ്ങളെല്ലാം ഒരുമിച്ച് പൊരുതാന്‍ തയ്യാറാണ്. എല്ലാ കക്ഷികളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തും. പവാറും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്’-ഖാര്‍ഗെ പറഞ്ഞു. മുംബൈയില്‍ നിന്നും ശരദ് പവാര്‍ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ഖാര്‍ഗെ പ്രതികരിച്ചു. ഇതെല്ലാം സംഭവിക്കുന്നത് രാജ്യത്തെയും ജനാധിപത്യത്തെയും സ്വാതന്ത്രത്തെയും സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.