മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്നാകാമെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായതോടെയാണ് എന്‍സിപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കൂടുതല്‍ എംഎല്‍എമാരുള്ള പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അവര്‍ പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ടത് ന്യായമാണെന്നും പവാര്‍ പറഞ്ഞു.
288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 45 കോണ്‍ഗ്രസ് എംഎല്‍എമാരുണ്ട്. എന്‍സിപിയില്‍ വിമതനീക്കം നടന്നതോടെ നേരത്തെയുള്ള 53 എംഎല്‍എമാരില്‍ നിന്ന് എണ്ണം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏക്‌നാഥ് ഷിന്‍ഡെയുടെ വിമതനീക്കത്തിന് മുന്‍പ് 56 എംഎല്‍എമാരുണ്ടായിരുന്ന ശിവസേന ഇപ്പോള്‍ 16 ലേക്ക് ചുരുങ്ങി.
സംസ്ഥാന നിയമസഭയില്‍ ഏത് പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ അംഗബലം ഉള്ളത് എന്നതിനെ അടിസ്ഥാനമാക്കിയാവും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ബാലാസാഹിബ് തോറാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച കൂറുമാറിയ അജിത് പവാറിന് പകരക്കാരനായി ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായി എന്‍സിപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസുമായി മത്സരിക്കേണ്ട കാര്യമില്ലെന്നും എന്‍സിപിക്ക് അംഗസംഖ്യ കുറവാണെങ്കില്‍ പുതിയ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്നാകുമെന്നും എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.