X

ജസ്റ്റിസ് ശരദ് ബോബ്ദെ; അടുത്ത ചീഫ് ജസ്റ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ ശിപാര്‍ശ ചെയ്തു. രഞ്ജന്‍ ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ബോബ്ദെ. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമമന്ത്രാലയത്തിന് ഔദ്യോഗികമായി കത്തു നല്‍കിയതായി നിയമ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ ഇന്ത്യയുടെ 47മത് ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ദെ നിയമിക്കമപ്പെടുമെന്ന് ഉറപ്പായി. നവംബര്‍ 18നാവും ജസ്റ്റിസ് ബോബ്ദെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുക. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദെയുടെ കാലാവധി. 2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി 46-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2019 നവംബര്‍ 17ന് അദ്ദേഹത്തിന്റെ കാലാവധി തീരാനിരിക്കെയാണ് പിന്‍ഗാമിയെ നിര്‍ദേശിച്ച് നിയമ മന്ത്രാലയത്തിന് കത്തു നല്‍കിയത്.

1956 ഏപ്രില്‍ 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ പ്രശസ്ത ജൂറിസ്റ്റുകളുടെ കുടുംബത്തിലാണ് ബോബ്‌ദെ ജനിച്ചത്. ബോബ്‌ഡെയുടെ മുത്തച്ഛന്‍ അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്രയിലെ മുന്‍ അഡ്വക്കേറ്റ് ജനറലായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. നാഗ്പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ എല്‍എല്‍ബി ബിരുദം നേടിയ ബോബ്‌ദെ 1978 സപ്തംബര്‍ 23ന് അഭിഭാഷകനായി മഹാരാഷ്ട്രയിലെ ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്തു. രണ്ടായിരത്തില്‍ ബോംബെ ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയി നിയമിതനായി. 2012 ഒക്ടോബറില്‍ ജസ്റ്റിസ് ബോബ്‌ഡെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. 2013 ഏപ്രില്‍ 12നാണ് സുപ്രിം കോടതിയില്‍ നിയമിതനായത്. ഗൊഗോയി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീനിയോറിറ്റിയുള്ള ജഡ്ജിയാണ് 64 കാരനായ ബോബ്‌ദെ.

“എന്റെ ലക്ഷ്യവും മുന്‍കണന നല്‍കുന്നതും വ്യവഹാരികളുടെ ‘നീതിക്കാണ്, നീതി മാത്രമാണ്’ എന്നതാണ്, ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കെ ബോബ്ദെ പറഞ്ഞു. ഇത് നീതിന്യായ കോടതികളാണ്. കോടതികള്‍ നിലനില്‍ക്കുന്നത് ഈ ആവശ്യത്തിനായി മാത്രമാണ്, മറ്റൊന്നിനുമല്ല.”

ബോബ്‌ദെ ഇടപെട്ട സുപ്രധാനമായ കേസുകള്‍
എട്ട് വര്‍ഷത്തെ സുപ്രിംകോടതിയിലെ പ്രവര്‍ത്തന കാലയളവിനിടെ നിരവധി നിര്‍ണായക കേസുകള്‍ അദ്ദേഹത്തിന് മുന്നിലെത്തിയിരുന്നു. നിലവില്‍ അയോധ്യ-ബാബരി മസ്ജിദ് കേസ് ബോബ്‌ദെ ഉള്‍പ്പെടെയുള്ള അഞ്ചംഗ ബെഞ്ചിന് കീഴിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍ ബോബ്ദയെ കൂടാതെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരാണ് അംഗങ്ങള്‍. ഗോഗോയ് വിരമിക്കാനിരിക്കെ നവംബര്‍ 17 ന് മുമ്പ് അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിക്കും.

സുപ്രിംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ചീഫ് ജസ്റ്റിസിനെതിരേയുള്ള ലൈംഗീകാരോപണ കേസ് പരിശോധിക്കുന്ന സമിതിയുടെ നേതൃത്വം ബോബ്ദയിലായിരുന്നു.

ഗുരുതരമായ വായുമലിനീകരണം കണക്കിലെടുത്തത് ഡല്‍ഹിയില്‍ പടക്കവില്‍പ്പന നടത്തുന്നത് പൂര്‍ണ്ണമായി നിരോധിച്ച് കൊണ്ടുള്ള വിധിയിലും ബോബ്ദെ ആയിരുന്നു.

ആധാര്‍ ഇല്ലാതത്തിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരനും അടിസ്ഥാന സേവനങ്ങളോ സര്‍ക്കാര്‍ സബ്‌സിഡികളോ നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയില്‍ ബോബ്‌ദെ അംഗമായിരുന്നു.

2017ല്‍ ജസ്റ്റിസ് ബോബ്ദെയും ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ചാണ് ഭ്രൂണഹത്യതേടിയുള്ള ഒരു യുവതിയുടെ ഹരജി തള്ളിക്കളഞ്ഞത്.

chandrika: