X

നിരത്തുകള്‍ ശുചീകരിക്കുന്ന ശാന്തയുടെ സൗജന്യ സേവനത്തിന് ഇരുപതാണ്ട്

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി (മലപ്പുറം): ഇത് ശാന്ത. പൊതുനിരത്തുകളില്‍ ശുചീകരണമാണ് തൊഴില്‍ . പഞ്ചായത്തുകളുടെ ശുചീകരണ തൊഴിലാളിയോ ഹരിത കര്‍മ്മ സേനാ വളണ്ടിയറോ ഒന്നുമല്ല ശാന്ത. പക്ഷെ മലബാറിലെ തെരുവോരങ്ങളിലൂടെ സഞ്ചരിക്കുന്ന പലരും ശാന്ത എന്ന ചേച്ചിയുടെ ഈ സൗജന്യ ശുചീകരണ പ്രവര്‍ത്തനം നേരിട്ട് കണ്ടിട്ടുള്ളവരാകും.

റോഡരികും കടകളുടെ മുന്‍വശങ്ങളും ശുചീകരിക്കുന്ന അറുപതുകാരിയായ ശാന്തയുടെ സൗജന്യ സേവനത്തിന് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു.ശാന്ത എന്ന പേര് പോലെ തന്നെ ശാന്തമായ പ്രകൃതം.ശുദ്ധമായ മനസ്സും. മനസ്സുപോലെ തന്നെ ജോലിയിലും അതീവ ശ്രദ്ധയും പരിശുദ്ധിയും.ശാന്ത ശുചിയാക്കുന്നിടം സ്ഫടിക സമാനമായ രീതിയില്‍ വെട്ടിതിളങ്ങും. അത്രക്കും സൂക്ഷ്മതയോടെയാണ് പ്രവൃത്തി .ഒരു തീപ്പെട്ടികമ്പ് പോലും അവിടെ കാണാന്‍ കഴിയാത്ത വിധം എല്ലാം നുള്ളി പെറുക്കി കൂട്ടി വൃത്തിയാക്കുന്ന ശാന്തയുടെ രീതി തികച്ചും വേറിട്ടു തന്നെ നില്‍ക്കുന്നു.

ശുചീകരിച്ച സ്ഥലത്ത് പിന്നെ വെയ്സ്റ്റ് പേപ്പര്‍ പോലും വലിച്ചെറിയാന്‍ ആളുകള്‍ക്ക് തോന്നാത്തത്ര തിളക്കമാണ് കാണുക.
ജോലി കണ്ട് ആരെങ്കിലും എന്തെങ്കിലും സംഭാവന കൊടുത്താല്‍ വാങ്ങാന്‍ ശാന്ത തയ്യാറല്ല.കടക്കാരില്‍ നിന്നും പത്ത് രൂപ മാത്രം കൈപറ്റും.അന്നന്നത്തെ ഭക്ഷണത്തിനുള്ള പണം മാത്രം മതി ജോലി ചെയ്യുന്നതിനല്ലാതെ വെറുതെയെനിക്ക് പണം വേണ്ടെന്നാണ് ശാന്തയുടെ പക്ഷം.

തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിന് സമീപം പട്ടിക്കാട് പരേതനായ പാടത്ത് വളപ്പില്‍ കൃഷ്ണന്റെയും തങ്കയുടെയും മകള്‍.അവിവാഹിത. 20 വര്‍ഷം മുമ്പ് അച്ഛനും അമ്മയും മരണപ്പെട്ടു. ശശി ,ശാരദ, രാധ എന്നീ 3 സഹോദരങ്ങളുണ്ട്. ചെറുപ്പം മുതല്‍ വീടുകളില്‍ ജോലി ചെയ്താണ് ജീവിതം.

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് ശേഷം വീട്ടില്‍ നിന്ന് പോന്ന ശാന്ത തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലൊക്കെ സഞ്ചരിച്ച് ശുചീകരണ സേവനം നടത്തുന്നു.രാവിലെ നേരത്തെ തുടങ്ങി രാത്രി വരെ ജോലി തുടരും. ഓരോ ടൗണുകളിലും ഒരാഴ്ച താമസിച്ചാണ് ജോലി. പരിചയ വീടുകളിലാണ് പതിവായി രാത്രി താമസിക്കാറ്.

ഇനി ഈ ഓണത്തിന് വീട്ടില്‍ പോകുമെന്ന് ശാന്ത പറയുന്നു.ശാന്തയെ സര്‍ക്കാര്‍ തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ ജോലിക്ക് നിയോഗിച്ചാല്‍ നഷ്ടമാകില്ല. അത്രക്കും മികച്ചതാണ് ശാന്തയുടെ സര്‍വീസ്.

Test User: