X
    Categories: MoreViews

പുലിമുരുകനെ വിമര്‍ശിച്ചപ്പോള്‍ നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍തത്തക ഷാനി പ്രഭാകരന്‍. ‘എഡിറ്റര്‍മാരില്ലാത്ത മാധ്യമലോകം’ എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് വാര്‍ത്തകള്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഷാനി പറഞ്ഞത്. പുലിമുരുകന്‍ ചിത്രത്തെക്കുറിച്ച് വിമര്‍ശിച്ചപ്പോള്‍ നേരിട്ട പ്രയാസങ്ങളും അവര്‍ വെളിപ്പെടുത്തി.

പുലിമുരുകന്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയേയും വംശീയതയേയും വിമര്‍ശിച്ചതിനായിരുന്നു തനിക്കുനേരെ ആക്രമണമുണ്ടായത്. ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന്റെ പിറ്റേ ആഴ്ച്ചയിലായിരുന്നു സംഭവം. പുലിമുകനെ വിമര്‍ശിച്ച് ‘പറയാതെ വയ്യ’ എന്ന പരിപാടിയില്‍ പരാമര്‍ശമുണ്ടായിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രത്തില്‍പോലും എന്തിനായിരുന്നു സ്ത്രീവിരുദ്ധത? ഇത്രമേല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്‍ത്തേണ്ടി വരുന്നത് എന്തിനാണ്? എന്നിങ്ങനെയായിരുന്നു വിമര്‍ശനം. ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും പറഞ്ഞതോടെയായിരുന്നു തനിക്കുനേരെ ആക്രമണം ഉണ്ടായത്. പരിപാടി എയര്‍ ചെയ്തതിനുശേഷം ഫോണ്‍വിളികള്‍ വന്നുകൊണ്ടിരുന്നു. പുലിമുരുകന്റെ നിര്‍മ്മാതാവുള്‍പ്പെടെ രംഗത്തുവന്നു.

അന്നൊരു ഞായറാഴ്ച്ചയായിരുന്നിട്ടും ചാനലിലെ മാര്‍ക്കറ്റിംങ് വിഭാഗവും ഓഫീസിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രോഗ്രാം ചുമതലയുള്ള ജോണി സാര്‍ തന്നോട് ചോദിച്ചു. എന്നാല്‍ ചിത്രത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്നതില്‍ താന്‍ ഉറച്ചുനിന്നു. അത്തരം ഭാഗങ്ങള്‍ കാണിച്ചുതരാന്‍ തയ്യാറാണെന്നും പറഞ്ഞു. വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ മാര്‍ക്കറ്റിംങ് വിഭാഗവും സമ്മര്‍ദ്ദത്തിലാഴ്ത്തി. എന്നാല്‍ പ്രോഗ്രാം എഡിറ്റ് ചെയ്യില്ലെന്നും തനിക്ക് ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും പറഞ്ഞ് താനതില്‍ ഉറച്ചുനിന്നു. എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യം ആലോചിക്കാമെന്ന് പറയേണ്ടിവന്നു. എന്നാല്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയിരുന്നു. സംഭവത്തിനുശേഷം തനിക്കുനേരെ ഫേസ്ബുക്കില്‍ തെറിവിളി നടന്നു. പ്രൊഫൈല്‍ ചിത്രത്തിനു താഴെവന്ന് തെറിവിളിയായിരുന്നുവെന്നും ഷാനി പറയുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നും തനിക്കുനേരെ ആക്രമണം നടന്നതായി ഷാനി വെളിപ്പെടുത്തി. തന്റെ വീട്ടില്‍ എട്ടുലക്ഷം കള്ളപ്പണം ഉണ്ടെന്ന പോസ്റ്റര്‍ പ്രചരിപ്പിക്കുകയായിരുന്നു. ആദ്യ ചിരിച്ചുതള്ളിയെങ്കിലും പിന്നീട് സൈബര്‍സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

ചാനലില്‍ എഡിറ്റര്‍മാര്‍ പല വെല്ലുവിൡകളും നേരിടേണ്ടി വരുന്നുണ്ടെന്ന് ഷാനി പറയുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ എഡിറ്റേര്‍സ് ആയി മാറേണ്ടത് ഓരോ പ്രേക്ഷകനുമാണ്. തത്സമയ ടെലിവിഷന്‍ ചര്‍ച്ചകളിലാണ് എഡിറ്ററുടെ അസാന്നിധ്യം നമ്മള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുകയെന്നും വസ്തുതകളുടെ കാര്യത്തില്‍ സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഷാനി കൂട്ടിച്ചേര്‍ത്തു. അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറയുക.-ഷാനി പറയുന്നു.

chandrika: