കൊച്ചി: ‘സൂഫിയും സുജാതയും’ സിനിമയുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതമുണ്ടായ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്ന് ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കൊച്ചിയിലേക്ക് എത്തിക്കുന്നതിനിടെ വീണ്ടും ഹൃദയാഘാതം ഉണ്ടായതാണ് തിരിച്ചടിയായത്. രാത്രി 10.20 നാണ് മരണം സംഭവിച്ചത്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.
കോയമ്പത്തൂരിലെ കെജി ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്കാണ് ഷാനവാസിനെ എത്തിച്ചത്. കോയമ്പത്തൂരില്‍ നിന്നും റോഡ് മാര്‍ഗമായിരുന്നു യാത്ര.
പൊന്നാനി നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. എഡിറ്ററായി സിനിമ രംഗത്ത് എത്തിയ ഷാനവാസ് 2015ല്‍ പുറത്തെത്തിയ ‘കരി’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. ജയസൂര്യയെയും അദിതി റാവു ഹൈദരിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘സൂഫിയും സുജാതയും’ ആണ് ശ്രദ്ധേയമായ ചിത്രം.