X
    Categories: MoreViews

ഷംന തസ്‌നീം ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം തികയുന്നു; കുറ്റക്കാരെ സംരക്ഷിച്ച് സര്‍ക്കാര്‍

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായിരുന്ന കണ്ണൂര്‍ ശിവപുരം സ്വദേശിനി ഷംന തസ്‌നീം മരിച്ചിട്ട് നാളേക്ക് രണ്ട് വര്‍ഷം തികയുന്നു. പനി ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സ തേടിയ ഷംനക്ക് ഡോക്ടര്‍മാരുടെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് ജീവന്‍ നഷ്ടമായത്. ചികിത്സയിലെ പിഴവ് ചൂണ്ടിക്കാട്ടി ഷംനയുടെ പിതാവ് അബൂട്ടി നല്‍കിയ പരാതിയില്‍ വകുപ്പ് തലത്തിലും െ്രെകംബ്രാഞ്ച് പൊലീസും വിശദമായ അന്വേണങ്ങള്‍ നടത്തി കുറ്റക്കാരെ കണ്ടെത്തിയെങ്കിലും നാളിതുവരെ ഇവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

മകള്‍ക്ക് നീതി കിട്ടാന്‍ രണ്ടു വര്‍ഷമായി നിയമ പോരാട്ടം നടത്തുന്ന അബൂട്ടി ഇപ്പോള്‍ ഹൃദ്രോഗിയായി മാറി.

ചികിത്സയിലെ പിഴവ് ചൂണ്ടിക്കാട്ടി ഷംനയുടെ പിതാവ് അബൂട്ടി പത്രസമ്മേളനം നടത്തിയപ്പോള്‍

മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ.കെ.ശ്രീകുമാരിയുടെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ.ടി.കെ സുമയുടെയും നേതൃത്വത്തില്‍ വകുപ്പ് തലത്തില്‍ രണ്ട് അന്വേഷണങ്ങളാണ് നടന്നത്. ചികിത്സ രേഖകള്‍ തിരുത്തിയതായും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ചികിത്സാ രേഖകള്‍ തിരുത്തിയ സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ വരെയുള്ളവര്‍ ഉത്തരവാദികളാണെന്ന് െ്രെകംബ്രാഞ്ചും കണ്ടെത്തി. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച സ്‌റ്റേറ്റ് അപെക്‌സ് ബോഡി വിശദ പരിശോധനകള്‍ക്ക് ശേഷം മെഡിസിന്‍ വകുപ്പ് മേധാവിയുടെയും ഡ്യൂട്ടി ഫിസിഷ്യന്റെയും പിഴവാണ് ഷംനയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. എന്നിട്ട് കുറ്റക്കാര്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ല. മെഡിസിന്‍ വകുപ്പ് മേധാവിയെ സസ്‌പെന്റ് ചെയ്‌തെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഷംനയുടെ വീട് സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നും നടപടിയുണ്ടാകുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം പാഴ്‌വാക്ക് മാത്രമായിരുന്നുവെന്ന് കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുസമീപനം വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഷംനയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

chandrika: