കൊച്ചി: താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഷമ്മി തിലകനും മുകേഷും തമ്മില്‍ വാക്കേറ്റം. സംഘടനക്കെതിരെ ഷമ്മി തിലകന്‍ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് അമ്മ ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. ഈ യോഗത്തിലാണ് മുകേഷും ഷമ്മിതിലകനും തമ്മില്‍ വാക്കേറ്റമുണ്ടായത്.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്ന ഷമ്മി തിലകന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണമായത്. കൈയാങ്കളിയുടെ വക്കോളമെത്തിയെങ്കിലും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ഇരുവരേയും അനുനയിപ്പിക്കുകയായിരുന്നു. ഷമ്മി തിലകന്‍ സംസാരിക്കുന്നതിനിടയില്‍ മുകേഷ് തനിക്ക് പാരവെച്ചെന്ന ആരോപണമുയര്‍ത്തുകയായിരുന്നു. ‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണ്’ എന്നാണ് ഷമ്മി പറഞ്ഞത്. ഇത് കേട്ട് ‘ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം.
‘അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാര്‍ മത്തായി സ്പീക്കിങ്2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും വിശദീകരിച്ചു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
എന്നാല്‍ ഇതിന് മറുപടിയുമായി മുകേഷിന്റെ . തിലകനെയും ഷമ്മിയെയും ചേര്‍ത്തുള്ള പരിഹാസം നിറഞ്ഞ സംസാരം ഉണ്ടായതോടെ ഷമ്മി തിലകന്‍ രോഷാകുലനാവുകയായിരുന്നു. തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാല്‍മതിയെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് കണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി അംഗങ്ങള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മയില്‍ ചര്‍ച്ച നടന്നത്. എന്നാല്‍ നടിമാരുമായുള്ള ചര്‍ച്ചയില്‍ പരിഹാരമായില്ലെന്നും രണ്ടു ദിവസത്തിനകം അറിയിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യകരമായ ചര്‍ച്ചയാണ് നടക്കുന്നതെന്ന് നടിമാരംു മാധ്യമങ്ങളോട് പറഞ്ഞു.