മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 147 റണ്‍സെന്ന ചെറിയ ലക്ഷ്യം പോലും ഇന്ത്യയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 25 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരി.
29.1 ഓവറില്‍ 121 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ന്യൂസിലന്‍ഡ് തന്നെ വിജയം കണ്ടിരുന്നു.
സ്‌കോര്‍ -ന്യൂസിലന്‍ഡ് 235, 174. ഇന്ത്യ -263, 121.
വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇന്ത്യയ്ക്കു വേണ്ടി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. അജാസ് പട്ടേലിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടു ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റ് താരം സ്വന്തമാക്കിയിരുന്നു. 57 പന്തില്‍ 64 റണ്‍സെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
29 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഓപ്പണര്‍മായ യശസ്വി ജയ്‌സ്വാള്‍ (16 പന്തില്‍ അഞ്ച്), രോഹിത് ശര്‍മ (11 പന്തില്‍ 11), ശുഭ്മന്‍ ഗില്‍ (നാലു പന്തില്‍ ഒന്ന്), വിരാട് കോഹ്ലി (ഏഴു പന്തില്‍ ഒന്ന്), സര്‍ഫറാസ് ഖാന്‍ (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്. ഒരറ്റത് പന്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും താരം പുറത്തായതാണ് തിരിച്ചടിയായത്. രവീന്ദ്ര ജദേജ (22 പന്തില്‍ ആറ്), വാഷിങ്ടണ്‍ സുന്ദര്‍(25 പന്തില്‍ 12), ആര്‍. അശ്വിന്‍ (29 പന്തില്‍ എട്ട്), ആകാശ് ദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 174 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ വാങ്കഡെയില്‍ ആശ്വാസ ജയം നേടുമെന്ന് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റ് ഹെന്റി ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈകളിലെത്തിച്ചു. 11 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. നാലാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി അജാസ് പട്ടേല്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാല് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്താണ് ഗില്‍ മടങ്ങിയത്. അജാസിന്റെ ഡെലിവറി ലീവ് ചെയ്യാന്‍ ശ്രമിച്ച ഗില്ലിന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. പന്ത് സ്റ്റംപ് ഇളക്കിയതോടെ ഇന്ത്യ 16-2 എന്ന നിലയിലേക്ക് വീണു.
ഏഴ് പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് മടങ്ങിയ വിരാട് കോലിയും നിരാശപ്പെടുത്തി. വാഷിങ്ടണ്‍ സുന്ദര്‍ 12 റണ്‍സും അശ്വിന്‍ 29 പന്തില്‍ നിന്ന് 8 റണ്‍സ് എടുത്തും മടങ്ങി.
ആകാശ് ദീപ് നേരിട്ട ആദ്യ പന്തില്‍ ഡക്കായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീണു. ആറ് വിക്കറ്റാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റും പിഴുതു.