X

പൊലീസ് നാടിനെ നാണംകെടുത്തുന്നു

വാര്‍ത്താ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ പീഡനങ്ങളാണ്. രാവിലെ പത്രം വായിക്കാനെടുക്കുമ്പോള്‍ വായനക്കാരന്റെ മുഖത്ത് ഭീതിയാണ്. ഒന്നാം പേജില്‍ വലിയ തലക്കെട്ടില്‍ നാടിനെ നടക്കുന്ന അതിക്രമങ്ങളായി മാറരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ശരാശരി വായനക്കാരന്‍ രാവിലെ പത്രങ്ങളെ സമീപിക്കുന്നത്. പക്ഷേ എല്ലാ പേജുകളിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനകഥകള്‍ നിരത്തപ്പെടുമ്പോള്‍ ഈ നാടിന്റെ ഗമനം എങ്ങോട്ടാണ് എന്ന ആധിയാണ് എല്ലാവരിലും പ്രകടമാവുന്നത്. ്‌കൊച്ചു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പീഡനങ്ങളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും നാടിന്റെ സമാധാന ജീവിതത്തെ അലസോരപ്പെടുത്തുമ്പോള്‍ പൊലീസ് നിഷ്‌ക്രിയമായി പ്രതികരിക്കുന്നതിലെ വേദനയും നിരാശയുമാണ് എല്ലാവരും പങ്ക് വെക്കുന്നത്. കേരളാ പൊലിസ് എമന്നാല്‍ ശക്തമായി പ്രതികരിക്കുന്നവര്‍ മാത്രമല്ല കൃത്യമായി അന്വേഷണങ്ങള്‍ നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നവരുമായിരുന്നെങികില്‍ സമീപകാലത്തായി സേനയില്‍ കാണുന്ന മന്ദത അമ്പരപ്പിക്കുന്നതാണ്. ഓരോ സംഭവങ്ങള്‍ എടുത്ത് അതില്‍ പൊലീസിന്റെ ഇടപെടലുകളിലെ ആത്മാര്‍ത്ഥ പരിശോധിച്ചാല്‍ അത് വ്യക്തമാവും. മലപ്പുറം താനൂരില്‍ പൊലീസ് കാട്ടികൂട്ടിയ അതിക്രമങ്ങള്‍ ആരെ സഹായിക്കാനാണെന്ന് അവിടുത്തെ നാട്ടുകാര്‍ക്ക് പോലും മനസ്സിലാവുന്നില്ല. പൊലീസ് വിടുകളില്‍ കയറി തോന്നിവാസങ്ങള്‍ കാണിക്കുകയായിരുന്നുവെന്നാണ് വീടും സമ്പത്തും വാഹനങ്ങളും നഷ്്ടമായവര്‍ പറയുന്നത്. അടിച്ചുതകര്‍ക്കലായിരുന്നു അവിടെ പൊലീസ് ജോലി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം സടകുടഞ്ഞെഴുന്നേറ്റ പൊലീസ് ഉടനടി പ്രതികളെ പിടികൂടുന്നതില്‍ വിജയിച്ചെങ്കിലും കുറ്റകൃത്യങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഒരു നടപടിയുമില്ലാതെ അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. ക്രമസമാധാനം ഇത്തരത്തില്‍ വഷളായ ഒരു കാലം കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലെന്നത് കേവലമായ രാഷ്ട്രീയ ആരോപണമല്ല-അടിസ്ഥാനപരമായ സത്യമായി മാറുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുളള വീഴ്ച്ചകളാണ് എല്ലാ കേസുകളിലും പ്രകടമായി കാണുന്നത്. കൊലപാതകങഅള്‍ ആത്മഹത്യകളായി കാണാനാണ് പൊലീസന് വലിയ താല്‍പ്പര്യം. വാളയാറില്‍ മാത്രമല്ല ഇന്നലെ കൊല്ലം കുണ്ടറിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കൊലപാതകമാണ്. മുപ്പത്തിയാറുകാരനായ ഷാജി എന്ന യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞ് കേസില്‍ ഇന്നലെയാണ് വലിയ വഴിത്തിരിവുണ്ടായത്. ഷാജിയുടേത് കൊലപാതകമാണ്. ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ സംശയക്കൂട്ടിലുമുണ്ട്. ഈ കേസില്‍ അന്വേഷണം നടത്തിയ പൊലീസുകാര്‍ക്ക് താല്‍കാലിക സസ്‌പെന്‍ഷന്‍ നല്‍കി ഒതുക്കുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ്് ചെയ്തത്. ഷാജിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അത് പോലെ ഇന്നലെ കൊല്ലം കൊട്ടിയത്ത് ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമുണ്ടായി. ചില പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പീഡനത്തിന് കൈകുലി വാങ്ങുന്നവരായി മാറുന്നുവെന്ന റിപ്പോര്‍ട്ടും പുറത്ത് വരുമ്പോള്‍ ആരെയാണ് വിശ്വസിക്കുക എന്ന വലിയ ചോദ്യവും ഉയരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് കോളിളക്കം സൃഷ്ടിച്ചപ്പോള്‍ മുഖ്യ പ്രതിയെ പിടികൂടാന്‍ പൊലീസ് ദിവസങ്ങളെടുത്തു. വാര്‍ത്താ മാധ്യമങ്ങളും പൊതു സമൂഹവും പൊലീസിനെതിരെ ശക്തമായി തിരിഞ്ഞപ്പോള്‍ സര്‍വ സന്നാഹങ്ങളുമായി അവര്‍ പുറത്തിറങ്ങിയിട്ടും കേസിലെ പ്രധാന തെളിവുകള്‍ ഇപ്പോഴും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ കൊട്ടിയൂരിലെ പീഡന കേസിലും പാലക്കാട് വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലും കുണ്ടറയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയിലുമെല്ലാം പൊലീസിന് കാര്യമായി ഇടപെടാന്‍ പോലും കഴിയുന്നില്ല.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറയി വിജയന്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എല്ലാ ദിവസങ്ങളിലും പൊലീസിനെ ന്യായീകരിക്കുന്ന ജോലിയാണ് നിര്‍വഹിച്ചത്. സഭാ സമ്മേളന സമയത്ത് ഓരോ ദിവസങ്ങളിലും പീഡനങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കൃത്യമായി അദ്ദേഹം പറഞ്ഞത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്. പൊലീസും ഇതേ വാചകങ്ങളാണ് ആവര്‍ത്തിച്ചത്. കുറ്റക്കാരെ വെറുതെ വിടില്ല എന്ന് ഡി.ജി.പി പത്രക്കാരെ കാണുമ്പോള്‍ ആവര്‍ത്തിക്കുന്ന വാചകമാണ്. പക്ഷേ കുറ്റകൃത്യങ്ങള്‍ എന്ത് കൊണ്ട് ഈ വിധം വര്‍ധിക്കുന്നു എന്ന ചോദ്യത്തിന് മാത്രം സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ ഉത്തരമില്ല. നമ്മുടെ ക്യാമ്പുസുകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളും കാണാതിരിക്കരുത്. അവിടെയും പ്രകടമാവുന്നത് പൊലീസിന്റെ വീഴ്ച്ചകള്‍ തന്നെ. തൃശൂര്‍ കേരള വര്‍മയിലും കോഴിക്കോട് ഗവ. എഞ്ചിനിയറിംഗ് കോളജിലും പ്രാകൃത കാലത്തെ തമ്മില്‍ത്തല്ലാണ് ലൈവായി നടന്നത്. മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ക്യാമ്പസിനകത്ത് കയറുകയാണ്. കേരളവര്‍മ്മയിലെ സംഘര്‍ഷത്തിന് മുഖ്യകാരണക്കാര്‍ സംഘ്പരിവാറാണെങ്കില്‍ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും പിറകോട്ട് പോയില്ല. ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ പരസ്പരം സംഘര്‍ഷത്തിന് ആഹ്വാനം നല്‍കുമ്പോള്‍ അണികളെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലാണ് എല്ലാവരും. ക്യാമ്പസ് സംഘര്‍ഷത്തിനുളളതാണ് എന്ന തരത്തില്‍ പുത്തന്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ പഠനത്തിന് പകരം മുദ്രാവാക്യങ്ങള്‍ക്കും കലാപത്തിനുമാണ് ക്യാമ്പസ് സാക്ഷ്യം വഹിക്കുന്നത്.
സദാചാര പൊലിസിങും വ്യാപകമായി മാറുന്നു. ശിവസേനക്കാരും സര്‍ക്കാര്‍ അനുകുല സംഘടനക്കാരുമെല്ലാം നാട് നന്നാക്കാന്‍ സദാചാര വാദികളായി മാറിയിരിക്കുന്നു. പൊലീസ് ഈ കാര്യത്തിലും പിറകില്ലല്ല. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിനിമാക്കാരുടെ സംഘത്തെ അപമാനിക്കാന്‍ ശ്രമിച്ചത് സദാചാരവാദികളായ ചില പൊലീസുകാരായിരുന്നു. ഈ വിധം ഭീതിതമായി കേരളം ഗമിക്കുമ്പോള്‍ ഗൗരവതരത്തില്‍ അതിനെ കാണാന്‍ ഇനിയെങ്കിലും സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കണമെന്ന അഭ്യര്‍ത്ഥന ഈ നാടിന്റേതാണ്.

chandrika: