X

രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി കേരളത്തിന് അപമാനം: സാന്ദ്രാ തോമസ്

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തെ നോക്കി പല്ലിളിക്കുന്നുവെന്നാണ് സാന്ദ്രാ തോമസിന്റെ രൂക്ഷ വിമര്‍ശനം. ആരോപണങ്ങളുയര്‍ന്നിട്ടും സംവിധായകന്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് അപലപനീയമാണെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി.

സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീവിരുദ്ധതയാണ് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നതെന്ന് സാന്ദ്രാ തോമസ് ആഞ്ഞടിച്ചു. ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി രാജിവയ്ക്കണമെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

സാംസകാരിക മന്ത്രി കേരളത്തിലെ സ്ത്രീസമൂഹത്തിനോട് നോക്കി പല്ലിളിക്കുന്നു.

ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാ പ്രതിഭ പൊതുസമൂഹത്തിനു മുന്നില്‍ വന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരേ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ട് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണ് . സാംസ്‌ക്കാരിക മന്ത്രിയുടെ സ്ത്രീ വിരുന്ധതയാണ് അദ്ധേഹത്തിന്റെ സമീപനത്തിലൂടെ പുറത്ത് വരുന്നത്.

ഗുരുതരമായ ആരോപണം ഉണ്ടായ സാഹചര്യത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ശ്രീ രഞ്ജിത്ത് സ്വയം ഒഴിയുകയോ അല്ലാത്ത പക്ഷം ഗവണ്മെന്റ് പുറത്താക്കുകയോ ചെയ്യണം . ലൈംഗികമായി ഒരു നടിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച ശ്രീ രഞ്ജിത്തിനെ ‘മഹാപ്രതിഭ ‘ എന്ന് പറഞ്ഞു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാന്‍ രാജി വെക്കുക.

webdesk14: