ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍. ജനുവരിയില്‍ നടക്കുന്ന ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരഞ്ഞെടുപ്പില്‍ സോക്കര്‍ ബോഡിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ഇത് ലംഘിച്ചാല്‍ ബ്രസീല്‍ ദേശീയ ടീമിനും ക്ലബുകള്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല.
തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ പ്രസിഡന്റായിരുന്ന എഡ്‌നാള്‍ഡോ റോഡ്രിഗസിനെ പുറത്താക്കിയിരുന്നു. റിയോ ഡി ജനെയ്‌റോ കോടതിയുടേതായിരുന്നു നടപടി. ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടു. ഇതിനായി താത്കാലിക സമിതിയെയും കോടതി നിയോഗിച്ചു.
ഫിഫ അംഗമായ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ബോഡിയില്‍ സര്‍ക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടല്‍ പാടില്ലെന്നാണ് നിയമം. എഡ്‌നാള്‍ഡോ റോഡ്രിഗസിന്റെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിലും പിന്നാലെ സര്‍ക്കാര്‍ നടത്തിയ ഇടപെടലും ഫിഫയുടെ സസ്‌പെന്‍ഷന് കാരണമായേക്കാം. എങ്കില്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.