X

കാറ്റൂരി വിട്ടപ്പോൾ ഷാജൻ സ്‌കറിയക്കും മനസ്സിലായി, ‘കാവി ഭീകരത ഉണ്ട്’

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പി വിജയത്തിനായി ആവോളം പ്രയത്‌നിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന്‍ സ്‌കറിയയും പറയുന്നു: സംഘികള്‍ അക്രമിസംഘം തന്നെയെന്ന്.

ഹര്‍ത്താല്‍ ദിവസം വിതുരക്ക് സമീപം തൊളിക്കോട് വെച്ച് സംഘ്പരിവാര്‍ അക്രമത്തിനിരയായതോടെയാണ് ആര്‍.എസ്.എസ് ക്രൂരന്‍മാരുടെ സംഘമാണെന്ന് ഷാജന് മനസിലായത്.

ഹർത്താലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കുടുംബ സമേതം കാറിൽ പുറത്തിറങ്ങിയ ഷാജനെ ആർ എസ് എസുകാർ തടയുകയായിരുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് തെറി വിളിച്ചെന്നും കൊലവിളി മുഴക്കിയെന്നും ടയറിന്റെ കാറ്റൂരി വിട്ടെന്നും ഷാജൻ പറയുന്നു. താൻ മാധ്യമ പ്രവർത്തകനാണെന്ന സ്ഥിരം നമ്പർ ഇറക്കിയിട്ടും അവർ വിട്ടില്ലെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചിട്ടും അക്രമികൾ വഴങ്ങിയില്ലെന്നും ഷാജൻ പറയുന്നു. ഒടുവിൽ  പോകാൻ സമ്മതിച്ചപ്പോൾ വണ്ടി പാളിയപ്പോഴാണ് ടയറിലെ കാറ്റഴിച്ച കാര്യം മനസ്സിലായതെന്നും ദൈവാധീനം കൊണ്ട് മാത്രമാണ് താനും കുടുംബവും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഷാജൻ പറയുന്നു.

ഭാര്യയുടേയും കുട്ടികളുടെയും മുന്നില്‍ വെച്ച് അക്രമികള്‍ ക്രൂരമായി പെരുമാറിയെന്നും ഇത്രകാലം കരുതിയിരുന്നത് ആര്‍.എസ്.എസ് രാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നായിരുന്നു എന്നും ഷാജന്റെ കുറിപ്പിലുണ്ട്.

മറുനാടന്‍ മലയാളിയിലൂടെ കേരളത്തില്‍ ബിജെപി വേരുറപ്പിച്ചുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടാമത്തെ പാര്‍ട്ടിയായി ബിജെപി മാറുമെന്നുമൊക്കെ  സമര്‍ത്ഥിച്ചിരുന്നു ഷാജന്‍. വെബ്്‌സൈറ്റിന്റെ സംഘ് അനുകൂല നിലപാട് നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചതാണ്.

കണ്ടാല്‍ അറിയാത്തവര്‍ ചൊറിയുമ്പോള്‍ അറിയുമെന്നാണ്  ഷാജന്റെ പോസ്റ്റിനോട് സോഷ്യല്‍മീഡിയയുടെ പ്രതികരണം. ഇത്രയും കാലം ആർ എസ് എസ്സിനെ രാഷ്ട്ര നിർമാണ സംഘടന എന്ന് മനസ്സിലാക്കി വെച്ച മറുനാടൻ എഡിറ്ററെ ട്രോളിക്കൊണ്ടാണ് പല കമന്റുകളും.

Web Desk: