X

ഷാജഹാന്‍ വധം: പിന്നില്‍ ബ്രാഞ്ച് സെക്രട്ടറി ആയതിലെ പക

പാലക്കാട്: മലമ്പുഴ മരുതറോഡ് ഷാജഹാന്റെ കൊലപാതകം സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നമാണെന്ന് സൂചന നല്‍കി പൊലീസ്. ഷാജഹാനെ കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതികള്‍ സമ്മതിച്ചതായി എസ്.പി ആര്‍ വിശ്വനാഥ് പറഞ്ഞു.

2019 മുതല്‍ തന്നെ ഷാജഹാനുമായി വിരോധമുണ്ടായിരുന്ന പ്രതികള്‍ പാര്‍ട്ടിയുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. പലതവണ ഫോണ്‍ വഴിയും മറ്റും പ്രതികള്‍ ഷാജഹാനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ദേശാഭിമാനി വരിക്കാരനാകണമെന്ന നിബന്ധനയും പ്രതികളെ കൂടുതല്‍ ചൊടിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികളുടെ പുതിയ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതികള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പ്രാദേശിക, ജില്ലാ നേതൃത്വം പറയുമ്പോഴും സംസ്ഥാന ദേശീയ നേതാക്കള്‍ മൗനത്തിലാണ്. പൊലീസ് അന്വേഷിക്കട്ടെയെന്നാണ് അവരുടെ വാദം. കൊലപാതകം നടന്നയുടന്‍ തന്നെ വെട്ടിയത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തിയെങ്കിലും പൊലീസ് ഗൗനിച്ചില്ല.

കൊല നടന്നടുയന്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരിച്ച പൊലീസ് പിന്നീട് എഫ്.ഐ.ആറില്‍ രാഷ്രീയ കൊലപാതകമാണെന്നും പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പ്രതികള്‍ക്ക് രാഷ്ട്രീയമുണ്ടോയെന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും അന്വേഷിച്ചുവരികയാണെന്നാണ് എസ്.പിയുടെ മറുപടി.

 

Chandrika Web: