പാരിസ്: ബോളിവുഡിലെ സൂപ്പര്‍താരം ഷാറുഖ് ഖാന്‍ വിമാനാപകടത്തില്‍ മരിച്ചതായി യൂറോപ്യന്‍ വാര്‍ത്താ നെറ്റ്‌വര്‍ക്കിന്റെ ‘ബ്രേക്കിങ് ന്യൂസ്’. സ്‌പെയിന്‍ ആസ്ഥാനമായുള്ള എല്‍ പയസ് ടി.വിയാണ് സ്വകാര്യ വിമാനം തകര്‍ന്ന് ഷാറുഖും കൂടെയുള്ള ഏഴുപേരും കൊല്ലപ്പെട്ടതായി വ്യാജവാര്‍ത്ത നല്‍കിയത്. എന്നാല്‍, ഷാറുഖ് ഖാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വാര്‍ത്ത അപ്പാടെ തള്ളിക്കളയുകയും താരം സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.
‘ഷാറുഖ് ഖാനും മറ്റ് ഏഴു പേരും സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയും എല്ലാവരും മരണപ്പെടുകയും ചെയ്തു. ബിസിനസ് യോഗത്തിനായി പാരീസിലേക്ക് വരുന്നതിനിടെയാണ് ജി 550 ജെറ്റ് വിമാനം തകര്‍ന്നത്. ലാന്റിങിനായി ശ്രമിക്കുന്നതിനിടെ വിമാനം ഷിപ്പിങ് കണ്ടയ്‌നര്‍ ക്രെയിനില്‍ തട്ടുകയും തകര്‍ന്നു വീഴുകയായിരുന്നു. ഷാറുഖ് ഖാന്റെ മരണം ലോകമെങ്ങുമുള്ള ഇന്ത്യന്‍ സമൂഹത്തെ അമ്പരപ്പിച്ചു…’ എന്നായിരുന്നു സ്പാനിഷ് ഭാഷയിലുള്ള ചാനലിന്റെ ‘ബ്രേക്കിങ്…’ അപകടം സംബന്ധിച്ച് ഫ്രാന്‍സ് സിവില്‍ ഏവിയേഷന്‍ പ്രസ്താവന പുറപ്പെടുവിച്ചുവെന്നും നിരവധി വിമാനങ്ങള്‍ ലാന്റ് ചെയ്യാനാവാതെ തിരിച്ചുവിട്ടെന്നും എല്‍ പയസ് വാര്‍ത്തയിലുണ്ട്.
ആരോ നല്‍കിയ തെറ്റായ വിവരം വാര്‍ത്തയായി ചാനല്‍ അബദ്ധത്തില്‍ ചാടുകയായിരുന്നു എന്നാണ് സൂചന. ഇതുവരെ വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത നീക്കം ചെയ്തിട്ടില്ല.
അസ്വാഭാവിക വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുംബൈ പോലീസ് ഷാറുഖിന്റെ ഓഫീസുമായി ബന്ധപ്പെടുകയും വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതാദ്യമായല്ല ഷാറുഖ് മരണവാര്‍ത്തക്ക് ഇരയാകുന്നതെന്നും എന്നാല്‍ ഇത്തവണ കുറച്ച് ഗൗരവതരമായിപ്പോയി എന്നും അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.