ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട തബ്രേസ് അന്‍സാരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രം. തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടത് മുസ്ലിമായത് കൊണ്ട് മാത്രമാണെന്ന് അന്‍സാരിയുടെ ഭാര്യ ഷഹിസ്ത പര്‍വീന്‍ പറഞ്ഞു. 22 വയസ്സുകാരനായിരുന്നു തബ്രേസ് അന്‍സാരി.
ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് ഇരുവരുടേയും വിവാഹം. പൂനെയില്‍ ജോലി ചെയ്യുകയായിരുന്ന അന്‍സാരി തിരിച്ച് പോകാനായി ടിക്കറ്റും എടുത്തിരുന്നു. ജൂണ്‍ 18ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തബ്രേജ് അന്‍സാരിയാണ് ശനിയാഴ്ച്ച മരിച്ചത്. ഖാരസവാന്‍ സ്വദേശിയാണ് ഇദ്ദേഹം.
മുസ്‌ലിം ആയതിന്റെ പേരില്‍ തന്നെ മര്‍ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായി ഷഹിസ്ത വ്യക്തമാക്കി. ‘പുലര്‍ച്ചെ 5 മണിയോടെയാണ് ഭര്‍ത്താവ് ഫോണ്‍ ചെയ്തത്. രാത്രി 10.30 മുതല്‍ ഗ്രാമവാസികള്‍ മര്‍ദിക്കുന്നതായി ഭര്‍ത്താവ് പറഞ്ഞു. കളളനെന്ന് വിളിച്ച് മുസ്‌ലിം ആയത് കൊണ്ടാണ് മര്‍ദിക്കുന്നതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം സംസാരിക്കാന്‍ പോലും കഴിയാത്തത്രയും അവശനായിരുന്നു. ഞങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. എന്റെ ഭര്‍ത്താവ് കൊല്ലപ്പെടാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല,’ ഷഹിസ്ത ആവശ്യപ്പെട്ടു.
ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അന്‍സാരിയേയും മറ്റ് രണ്ട് പേരേയും നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചത്. പിന്നീട് പൊലീസെത്തി ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ അന്‍സാരിയെ ശനിയാഴ്ചയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്.
അതേസമയം, മരണകാരണം വ്യക്തമായിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമിക്കപ്പെട്ട അന്‍സാരിയെ കൊണ്ട് തീവ്ര ഹിന്ദുത്വ വാദികള്‍ ‘ജയ് ശ്രീറാം, ജയ് ഹനുമാന്‍’ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.