X

വീരശൂര പത്താനി; ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

ഷാര്‍ജ: പാകിസ്താന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷം പച്ചക്കുപ്പായമണിഞ്ഞ അഫ്രീദി ടെസ്റ്റില്‍ നിന്നും ഏകദിനങ്ങളില്‍ നിന്നും നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്വന്റി 20 ടീമില്‍ തുടര്‍ന്നിരുന്നു. 2016 ലോകകപ്പിനു ശേഷം ട്വന്റി 20 ക്യാപ്ടന്‍സി ഒഴിഞ്ഞ അഫ്രീദി ടീമില്‍ തുടരാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
യു.എ.ഇയില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെയാണ് ‘ലാല’ എന്നു വിളിപ്പേരുള്ള അഫ്രീദി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പെഷവാര്‍ സല്‍മി ടീമിനു വേണ്ടി കളിക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസം 28 പന്തില്‍ 54 റണ്‍സ് നേടി ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണെന്നും പി.എല്‍.എല്ലില്‍ രണ്ടു വര്‍ഷം കൂടി തുടരാനാണ് ആഗ്രഹമെന്നും അഫ്രീദി പറഞ്ഞു.’ആരാധകര്‍ക്കു വേണ്ടിയാണ് ഞാനിപ്പോള്‍ കളിക്കുന്നത്. ഈ ലീഗില്‍ രണ്ടു വര്‍ഷം കൂടി കളിക്കും. പക്ഷേ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിടപറയുകയാണ്. ഇപ്പോള്‍ എന്റെ ഫൗണ്ടേഷന്‍ ആണ് പ്രധാനം. ഗൗരവത്തോടെയും പ്രൊഫഷണല്‍ രീതിയിലുമാണ് ഞാന്‍ ഇതുവരെ രാജ്യത്തിനു വേണ്ടി കളിച്ചത്.’ അഫ്രീദി പറഞ്ഞു.


1996-ല്‍ തന്റെ രണ്ടാം ഏകദിനത്തില്‍ തന്നെ ശ്രീലങ്കക്കെതിരെ 37 പന്തില്‍ സെഞ്ച്വറിയടിച്ചാണ് ‘ബൂം ബൂം’ അഫ്രീദി ലോക ക്രിക്കറ്റ് പ്രേമികളുടെ മനംകവരുന്നത്. 18 വര്‍ഷത്തോളം ഈ റെക്കോര്‍ഡ് ഭേദിക്കപ്പെടാതെ നിലനിന്നു. ലെഗ്‌സ്പിന്‍ ഓള്‍ റൗണ്ടറായ അഫ്രീദി 2009-ല്‍ പാകിസ്താന്‍ ട്വന്റി 20 ലോകകപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2016 ലോകകപ്പ് ആദ്യറൗണ്ടില്‍ പുറത്തായതിനെ തുടര്‍ന്ന് നായകപദവി രാജിവെച്ച അഫ്രീദി, സെപ്തംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിടവാങ്ങല്‍ മത്സരം കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. പക്ഷേ, സെലക്ടര്‍മാര്‍ അതിന് അവസരം നല്‍കിയില്ല.27 ടെസ്റ്റ് മത്സരങ്ങളും 398 ഏകദിനങ്ങളും 98 ട്വന്റി 20 മത്സരങ്ങളുമാണ് അഫ്രീദി പാകിസ്താനു വേണ്ടി കളിച്ചത്. ടെസ്റ്റില്‍ നിന്ന് 1176 റണ്‍സും 48 വിക്കറ്റും നേടി. ഏകദിനങ്ങളില്‍ നിന്ന് റണ്‍സും 395 വിക്കറ്റും നേടിയ അഫ്രീദി ട്വന്റി 20-യില്‍ 1405 റണ്‍സും 97 വിക്കറ്റും എടുത്തിട്ടുണ്ട്.

chandrika: