X

സംഭലിലെ ഷാഹി മസ്ജിദ് സര്‍വ്വേ; സുപ്രീം കോടതിയുടെ ഇടപെടല്‍ പ്രതീക്ഷാവഹം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംഭലിലെ ഷാഹി മസ്ജിദ് സര്‍വ്വേ നിര്‍ത്തി വെച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടപെടല്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്‌ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.

സര്‍വ്വേ നടപടികള്‍ തടഞ്ഞതിനൊപ്പം ജില്ലാ ഭരണകൂടത്തോട് സമാധാന സമിതി രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി ഓരോ സ്ഥലത്തും ചെന്ന് കെട്ടിച്ചമച്ച ന്യായങ്ങള്‍ പറഞ്ഞു കുഴിച്ചു നോക്കി ആരാധനാലയങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും മേല്‍ അവകാശവാദമുന്നയിച്ച് കലാപമുണ്ടാക്കാനുള്ള അജണ്ടകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടപ്പിലാക്കുന്ന ഒരു ഘട്ടത്തിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു ഇടപെടല്‍ നടത്തിയിരിക്കുന്നത് എന്നത് ആശാവഹമാണ്.

പരമോന്നത നീതി പീഠത്തിന്റെ ഇടപെടല്‍ ആയത് കൊണ്ട് രാജ്യത്ത് ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്ന ഇത്തരം അജണ്ടകളിലൊക്കെ അത് പ്രതിഫലിക്കും. അത് കൊണ്ട് തന്നെ രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും, മതേതര സമൂഹത്തിനും ഏറെ ആശ്വാസം നല്‍കുന്ന വിധിയാണിത്. ഇത്തരം വിഭാഗീയ പ്രവണതകള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് ഈ വിധി മാനിക്കേണ്ടി വരും എന്നുള്ളത് കൊണ്ട് തന്നെ വര്‍ഗീയ അജണ്ടകളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഈ കാലത്ത് സുപ്രീം കോടതിയുടെ ഈ ഇടപെടലിന് ഏറെ പ്രധാന്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

webdesk17: