X

ശാഹി ജമാ മസ്ജിദ് സര്‍വേ;പൊലീസ് വെടിവെപ്പില്‍ മരണം അഞ്ചായി

ഉത്തര്‍പ്രദേശ്: സംഭാലില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.ഇന്നലെയുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. നഈം, ബിലാല്‍, നുഅ്മാന്‍ എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇന്ന് മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 30 പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.സംഭാലിലെ ശാഹി ജമാ മസ്ജിദില്‍ നടത്തിയ സര്‍വേയില്‍ പ്രതിഷേതധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മുഗളന്മാര്‍ ക്ഷേത്രം തകര്‍ത്ത് മസ്ജിദ് നിര്‍മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്.

സംഭവത്തില്‍ സംഭാല്‍ എം.പി സിയാവുര്‍ റഹ്മാനെതിരെ പൊലീസ് കേസെടുത്തു.സ്പര്ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുകയും നിരോധന ഉത്തരവുകള്‍ നടപ്പിലാക്കുകയും ചെയ്തു.പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വെച്ചു.24 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. കല്ലുകള്‍, സോഡ കുപ്പികള്‍, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ നടപ്പിലാക്കിയിരുന്നു.പുറത്തുനിന്നുള്ളവര്‍ക്ക് നവംബര്‍ 30 വരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അക്രമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്‍.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അക്രമം സംഘടിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചു.

 

 

 

 

 

 

 

 

webdesk17: