മഥുര: ഉത്തര്‍പ്രദേശ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് ചേര്‍ന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മഥുര സിവില്‍ കോടതിയില്‍ ഹര്‍ജി. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കയ്യേറിയെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഗ്രഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്‌നൗ സ്വദേശി രഞ്ജന അഗ്‌നിഹോത്രിയും ആറ് ഭക്തന്മാരും കോടതിയെ സമീപിച്ചിരിക്കുന്നത്.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവില്‍ ഹര്‍ജിയിലെ പ്രധാന വാദം. മഥുര കോടതിയില്‍ ഭൂമി സംബന്ധിച്ച കേസുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ ഭരണം കയ്യാളുന്ന ശ്രീകൃഷ്ണ ജനംസ്ഥാന്‍ സേവാ സന്‍സ്ഥാന്‍, ഷാഹി ഈദ്ഗാഹ് ട്രസ്റ്റുമായി നിയമവിരുദ്ധ ഒത്തുതീര്‍പ്പിലെത്തിയെന്നും വിഗ്രഹത്തിന് അവകാശപ്പെട്ട ഭൂമി വിട്ടുകൊടുത്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
മഥുര ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി മുമ്പ് സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 സന്യാസിമാര്‍ ചേര്‍ന്ന് രൂപീകരിച്ച ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസ് ആണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണ് ശ്രീകൃഷ്ണ ജന്മഭൂമി നിര്‍മാണ്‍ ന്യാസിന്റെയും രൂപീകരണം. ആചാര്യ ദേവ് മുരാരി ബാപുവാണ് സംഘടനയുടെ ചെയര്‍മാന്‍.