ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

താമരശേരി ഷഹബാസ് വധക്കേസില്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും പുറത്തു വന്ന ചാറ്റുകള്‍ ഇതിനു തെളിവാണെന്നും കുടുംബം അറിയിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കുട്ടികള്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ആരോപിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമില്‍ കഴിയുകയാണ്. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൂടി പ്രതി ചേര്‍ക്കണമെന്ന് ഷഹബാസിന്റെ പിതാവ് ആവശ്യപ്പെട്ടു. ആറ് വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയിരുന്നു.

ട്യൂഷന്‍ സെന്ററിലുണ്ടായ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കെത്തിയത്. പിന്നാലെ പതിനഞ്ചുകാരനായ ഷഹബാസിന്റെ ജീവന്‍ നഷ്ടമാവുകയായിരുന്നു.

 

webdesk17:
whatsapp
line