X

ഷഹനയുടെ ആത്മഹത്യ; കാര്യക്ഷമമായ അന്വേഷണം നടത്തണം, മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം: വി ഡി സതീശൻ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഡോ. ഷഹനയുടേതിന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ മാത്രം വിചാരിച്ചാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനാകില്ല. കുടുംബങ്ങളിലും സമൂഹത്തിലാകെയും സ്ത്രീധനത്തിന് എതിരായ ഒരു മനോനില പാകപ്പെട്ടു വരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതും കാലഘട്ടത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കണം. കര്‍ശന നിയമ നിര്‍മ്മാണത്തിലൂടെയും ബോധവത്ക്കരണത്തിലൂടെയും ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ഷഹനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവരുടെ സ്ത്രീധന മോഹം മൂലം അവസാനിപ്പിക്കുന്നു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ഷഹന കുറിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേര്‍ത്താണ് അറസ്റ്റ്.

ഷഹനയും ഡോക്ടര്‍ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാര്‍ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ 50 പവന്‍ പോരെന്ന നിലപാടാണ് വീട്ടുകാര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഡോക്ടര്‍ ഷഹനയുടെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി.

അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയില്‍ നിന്ന് അകന്നു എന്നും വീട്ടുകാര്‍ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളര്‍ത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനില്‍ ആയിരുന്നു ഷഹന. വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

 

webdesk13: