കണ്ണൂര്‍: ഇന്ത്യയാകെ കഴിഞ്ഞ 8 വര്‍ഷം കൊണ്ട് സഞ്ചരിച്ച് 5 ലക്ഷത്തിലധികം മികച്ച ഫ്രെയിമുകളില്‍ ഫോട്ടോകള്‍ പകര്‍ത്തിയ ഷഹന്‍ എല്ലാ അര്‍ത്ഥത്തിലും സഞ്ചാരത്തിലും ഒപ്പം ഫോട്ടോഗ്രാഫിയിലും വിശ്വോത്തര പ്രതിഭയാണെന്ന് ലോകസഞ്ചരിയും സഫാരി ടിവി സ്ഥാപകനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു.
ഷഹന്റെ കഠിന പ്രയത്‌നവും, യാത്രയോടും ഫോട്ടോഗ്രാഫിയോടുമുള്ള ആഭിമുഖ്യമാണ് ഇത്തരത്തില്‍ സാഹസികമായ ഒരു നീണ്ടകാലം സഞ്ചരിക്കാനും സാംസ്‌കാരിക വൈവിധ്യങ്ങളെ ഒപ്പിയെടുക്കാനും സാധിച്ചതെന്നും ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഷഹന് സാധിക്കട്ടെ എന്നും, ഉടന്‍ തന്നെ കണ്ണൂരില്‍ ഷഹന്‍ ആരംഭിക്കുന്ന ട്രാവല്‍ കഫെ സന്ദര്‍ശിക്കാനും കണ്ണൂരിലെ സാംസ്‌കാരിക പൈതൃകങ്ങളും നേരില്‍ കാണാനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കണ്ണൂര്‍ കാപിറ്റോള്‍ മാളില്‍ ഇന്ന് വൈകിട്ട് ആരംഭിച്ച ഇന്ത്യയുടെ നാനാ വൈജാത്യങ്ങളും ഉള്‍ക്കൊള്ളുന്ന ഷഹന്‍ അബ്ദു സമദിന്റെ കണ്ണൂര്‍ നഗരത്തിലെ ആദ്യ ട്രാവല്‍ ഫോട്ടോഗ്രാഫി പ്രദര്‍ശന വീഡിയോ കോണ്ഫറന്‌സിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷഹന്റെ യാത്രകള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കി കൂടെ നിന്ന താണയിലെ വനിതാ സാമൂഹിക പ്രവര്‍ത്തകയും, ഉമ്മാമ്മയുമായ ‘സുലൈഖ’ പൊതു ജനങ്ങള്‍ക്ക് പ്രദര്‍ശനം തുറന്ന് കൊടുത്തു.
അറക്കല്‍ രാജ കുടുംബത്തിന്റെ പ്രതിനിഥി ആദിരാജ റാഫി,
ഒന്‍ലൈന്‍ ബിസിനസ് രംഗത്തെ യുവ സംരംഭകന്‍ ടി എന്‍ എം ജവാദ്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന: സെക്രട്ടറിയുമായ പുനത്തില്‍ ബസിത്ത്, ഐ പി എച്ച് ജനറല്‍ മാനേജര്‍ സിറാജുദ്ധീന്‍ , പ്രമുഖ സഞ്ചാരി പി ബി എം ഫര്‍മീസ്, പ്രമുഖ യുവ വ്യാപാരി റാഷിദ് എം ആര്‍, പ്രദര്‍ശനത്തിന്റെ സ്‌പോണ്‌സര്‍ ചിക്കാഗോ ഫര്‍ണിച്ചര്‍ ഉടമ നാസി, ബത്തൂത്ത ട്രാവല്‍ കഫെ ഡയറക്ടര്‍ മുഹമ്മദ് ശിഹാദ്, ഷഹനിന്റെ മാതാപിതാക്കള്‍, കുടുംബക്കാര്‍, സഹപാഠികള്‍, നാട്ടുകാര്‍, തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഉദ്ഘാടനവേളയില്‍ പങ്കെടുത്തത്.
പ്രദര്‍ശനം ഞായറാഴ്ച രാത്രിവരെ തുടരും.
ശനിയാഴ്ച കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് ഐ എ എസ് കണ്ണൂരിലെ പൗരവലിക്ക് വേണ്ടി ഷഹന്‍ അബ്ദു സമദിനെ ആദരിക്കും. വരും ദിവസങ്ങളില്‍ നാട്ടിലെ വിവിധ യുവജന ക്ലബുകളും, കൂട്ടായ്മകളും ഷഹന്‍ എന്ന കണ്ണൂരിലെ സഞ്ചാരത്തിലെയും ഫോട്ടോഗ്രാഫിയിലെയും സാഹസിക പ്രതിഭക്കുള്ള സ്വീകരണ പരിപാടികള്‍ ഒരുക്കുന്ന തിരക്കിലാണ്.