കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണതന്ത്രങ്ങള്‍ നേരിട്ട് ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഡല്‍ഹിയില്‍ ഷായുടെ അധ്യക്ഷതയില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്നു. സംസ്ഥാന പുനഃസംഘടനയില്‍ മുന്‍ തൃണമൂല്‍ നേതാക്കള്‍ക്ക് മേധാവിത്വം കിട്ടയതിന്റെ അസ്വാരസ്യങ്ങള്‍ പുകഞ്ഞു നില്‍ക്കുന്നതിനിടെയായിരുന്നു യോഗം.
സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ദേശീയ ഉപാധ്യക്ഷന്‍ മുകുള്‍ റോയ്, ഇടഞ്ഞു നില്‍ക്കുന്ന മുന്‍ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ശനിയാഴ്ച നടന്ന പുനഃസംഘടനയിലാണ് രാഹുല്‍ സിന്‍ഹയുടെ സ്ഥാനം തെറിച്ചിരുന്നത്. തൃണമൂല്‍ വിട്ടു വന്ന യുവ നേതാവ് അനുപം ഹസ്രയാണ് ഇദ്ദേഹത്തിന്റെ സ്ഥാനത്തെത്തിയത്. കേന്ദ്ര നേതാക്കളായ ജെപി നദ്ദ, കൈലാശ് വിജയവാര്‍ഗിയ, ശിവപ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ബംഗാളിലെ സംഘടനാ ചുമതലയുള്ള നേതാക്കളാണ് ശിവപ്രകാശും വിജയവാര്‍ഗിയയും.
2021ല്‍ ഏതു വിധേയനയും അധികാരത്തിലെത്തണം എന്ന നിര്‍ദേശമാണ് ഷാ നേതാക്കള്‍ക്ക് മുമ്പില്‍ വച്ചിട്ടുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റില്‍ 18 ഇടത്ത് ജയിച്ചതാണ് ബിജെപിക്ക് പ്രതീക്ഷയേകുന്നത്. എന്നാല്‍ ഇത് എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. യോഗത്തില്‍ മണ്ഡലം തിരിച്ചുള്ള കാര്യങ്ങള്‍ ചെയ്തില്ലെന്നും പ്രധാന വിഷയങ്ങളാണ് ചര്‍ച്ചയ്ക്ക് എടുത്തത് എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ദിലീപ് ഘോഷ്
പ്രചാരണച്ചുമതല മുകുള്‍ റോയിക്ക് നല്‍കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയത്തില്‍ അമിത് ഷാ നേരിട്ട് ഇടപെടുന്നത്. നിരവധി തൃമണൂല്‍ നേതാക്കളെ ബിജെപിയിലെത്തിച്ചതും റോയിക്ക് ഗുണകരമാകും എന്നായിരുന്നു വിലയിരുത്തല്‍.
അതിനിടെ, ഈയിടെ നടത്തിയ പുനഃസംഘടനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. ഡല്‍ഹിയിലേക്കുള്ള രാഹുല്‍ സിന്‍ഹയുടെ യാത്രയ്ക്കിടെ നൂറു കണക്കിന് പേര്‍ പുനഃസംഘടനയ്‌ക്കെതിരെ സംസാരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സിന്‍ഹയുടെ കാര്‍ തടഞ്ഞ പ്രവര്‍ത്തകര്‍, ബിജെപിയെ തൃണമൂലിന്റെ ബി ടീമാകാന്‍ അനുവദിക്കില്ല എന്ന് പറയുകയും ചെയ്തിരുന്നു. ക്ഷണിച്ചതു പ്രകാരമാണ് ഡല്‍ഹിക്ക് പോകുന്നത് എന്നും തിരിച്ചു വന്ന ശേഷം എല്ലാം പറയാം എന്നുമാണ് സിന്‍ഹ അനുയായികളോട് പറഞ്ഞിരുന്നത്.
ഒക്ടോബര്‍ 22ന് ആരംഭിക്കുന്ന ദുര്‍ഗാ പൂജയ്ക്ക് തൊട്ടു മുമ്പ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ദുര്‍ഗാപൂജയ്ക്കും ഷാ സംസ്ഥാനത്തെത്തിയിരുന്നു. ഇനി ആറു മാസം മാത്രമാണ് തെരഞ്ഞെടുപ്പിനായി ശേഷിക്കുന്നത്.