ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന് നേരെ വധഭീഷണി ഉയര്‍ത്തിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശി ഫൈസന്‍ ഖാനെ ഇയാളുടെ വീട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഷാറൂഖ് ഖാനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങില്‍നിന്ന് സല്‍മാന്‍ ഖാന് നിരന്തരം ഭീഷണി ഉയരുന്നതിനിടെയാണ് ഷാറൂഖ് ഖാനെയിരെയും പൊലീസിന് ഫോണ്‍ കാള്‍ വന്നത്.
ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ വ്യാഴാഴ്ചയാഴ്ചയാണ് ഭീഷണി കാള്‍ വന്നത്. ഫോണ്‍ കാള്‍ ട്രേസ് ചെയ്ത് പൊലീസ് നേരത്തെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുവെന്നായിരുന്നു അഭിഭാഷകന്‍ കൂടിയായ ഫൈസന്‍ ഖാന്‍ പറഞ്ഞത്.
അന്വേഷണത്തില്‍ സഹകരിക്കുമെന്നും മുംബൈ പൊലീസിനു മുമ്പാകെ നവംബര്‍ 14ന് ഹാജരാകുമെന്നും ഫൈസന്‍ ഖാന്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ തനിക്കുനേരെ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി രേഖപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് റായ്പുരിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷാറൂഖ് ഖാന് മുംബൈ പൊലീസ് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി. ലോറന്‍സ് ബിഷ്‌ണോയുടെ സംഘമാണ് വധഭീഷണികള്‍ക്കു പിന്നില്‍ എന്നാണ് പൊലീസ് നിഗമനം.