പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് വിശദീകരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. തന്നെയാരും പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ഷാഫി വ്യക്തമാക്കി. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ചുമതലയില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാഫി പറഞ്ഞു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പണം വാങ്ങിയതിന്റെ പേരിലാണ് ഷാഫിയെ പുറത്താക്കിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
തന്നെ രാജിവെക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവിന് അയച്ച ഇമെയിലിലെ ഭാഗങ്ങളും അദ്ദേഹം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഷാഫി പറമ്പിലിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അപലപിക്കുന്ന കേശവ് ചന്ദിന്റെ ട്വീറ്റും ഷാഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി സ്‌പോണ്‍സേര്‍ഡ് ചാനലിന്റെ അപവാദപ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വാര്‍ത്തയെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ശ്രീനിവാസ് ബിവിയും ട്വീറ്റ് ചെയ്തു.