X

പാര്‍ട്ടിക്കാരെങ്കില്‍ പ്രതികള്‍ക്കു വേണ്ടി നിയമസഹായം നല്‍കില്ല, പിരിവെടുക്കില്ല: യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ കോണ്‍ഗ്രസുകാരാണ് എങ്കില്‍ അവര്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ് എന്നും സി.പി.എമ്മിന്റെ ശൈലി തങ്ങള്‍ക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യ്ക്തമാക്കി.

‘ ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കള്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ചില പ്രസ്ഥാനങ്ങളുടെ ശീലം കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഇതൊരു രാഷ്ട്രീയ ആരോപണമായി കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണ്. അന്വേഷണത്തെ അട്ടിമറിക്കാനോ ഏതെങ്കിലും തരത്തില്‍ അന്വേഷണം നടത്താതിരിക്കാനോ തെളിവുകള്‍ ഇല്ലാതാക്കാനോ പ്രതികള്‍ക്കു വേണ്ടി പണപ്പിരിവു നടത്താനോ അവര്‍ക്കു വേണ്ടി വക്കീലിനെ ഏര്‍പ്പാടു ചെയ്യാനോ അതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കാനോ ഒന്നിനും ഞങ്ങളില്ല. ആരാണോ കൊന്നത് അവരെ പൊലീസ് കണ്ടെത്തട്ടെ. അതില്‍ പൊലീസ് ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയം കലര്‍ത്തിയാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഞങ്ങള്‍ തയ്യാറാണ്’ – ഷാഫി പറഞ്ഞു.

രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടത് ഹീനമാണ്. ഹീനമായ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. അതിനെ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. കൊലപാതക രാഷ്ട്രീയത്തെ നഖശിഖാന്തം അന്നും ഇന്നും എതിര്‍ത്തിട്ടുണ്ട്്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് പ്രാദേശിക നേതൃത്വം അറിഞ്ഞുള്ളതല്ല ഇതൊന്നും. ഗുണ്ടാ കുടിപ്പകയാണന്നും വിവരങ്ങളുണ്ട്. പൊലീസ് അന്വേഷിച്ച് സത്യം തെളിയിക്കട്ടെ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വാങ്ങികൊടുക്കണം’- ഷാഫി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് വെഞ്ഞാറമ്മൂട്ടില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജങ്ഷനില്‍ രാത്രി 12 ഓടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. മിഥിലാജും ഹക്കും വെട്ടേറ്റ് നിലത്തു വീണു. ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്കിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുമ്പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്പി പിബി അശോകന്‍ വ്യക്തമാക്കി.

Test User: